മതനിരപേക്ഷ ചരിത്രം വളച്ചൊടിച്ച് വർഗീയതയിലൂന്നിയ ദേശീയത വളർത്താൻ ശ്രമം -ശശി തരൂർ

കോട്ടയം: രാജ്യത്തിന്റെ മതനിരപേക്ഷ ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുത്വ വർഗീയതയിലൂന്നിയ ദേശീയത വളർത്തി രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാനാണ് ആർ.എസ്.എസ്. അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ ശ്രമിക്കുന്നതെന്ന് ശശി തരൂർ എം.പി. പറഞ്ഞു. ചെറുകര സണ്ണി ലൂക്കോസ് രചിച്ച 'ചരിത്രത്തിന്റെ വർഗീയവൽക്കരണം മതനിരപേക്ഷ ഇന്ത്യയിൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം കോട്ടയം എസ്.പി.സി.എസ്. ഹാളിൽ ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രവസ്തുതകൾ ബോധപൂർവം മറച്ചുവച്ചും തെളിവുകൾ ഉന്മൂലനം ചെയ്തും ചരിത്രത്തെ വളച്ചൊടിച്ചുമാണ് വർഗീയതയിലൂന്നിയ ദേശീയത വളർത്തുന്നത്. രാജ്യത്തെ സ്വാതന്ത്ര്യസമരപോരാട്ടത്തോട് മുഖം തിരിച്ചുനിന്നവർ ദേശീയതയുടെ വ്യക്താക്കളായി മാറുന്നു. മതനിരപേക്ഷ ഇന്ത്യക്കായി നിലകൊണ്ട മഹാത്മാ ഗാന്ധിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും പ്രവർത്തികളെയും ഉദ്ധരണികളെയും വളച്ചൊടിച്ച് ഹിന്ദുത്വ അജണ്ടയുടെ പ്രചാരണോപാധിയാക്കി മാറ്റാനാണ് ശ്രമം. വിദ്യാഭ്യാസ രംഗത്ത് പാഠപുസ്തകങ്ങളിൽ പോലും ചരിത്രത്തെ വളച്ചൊടിക്കുകയും വസ്തുകൾ ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. ഗാന്ധിജിയുടെ പ്രവൃത്തികളും ആശയങ്ങളും മൂല്യങ്ങളും മറക്കുകയും അദ്ദേഹത്തിന്റെ കണ്ണടയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം ചരിത്രത്തിന്റെ വ്യാപകമായ വളച്ചൊടിക്കൽ നടക്കുന്നു. ഇത് തടയപ്പെടേണ്ടതുണ്ട്. രാജ്യം മതനിരപേക്ഷമായി നിലകൊള്ളണം- ശശി തരൂർ പറഞ്ഞു.

അർത്ഥശാസ്ത്രമടക്കം മതാത്മകമല്ലാത്ത ഭൗതിക വിജ്ഞാനത്തിന്റെ ബൃഹദ് പാരമ്പര്യത്തെ ഉയർത്തിക്കാട്ടാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. സുനിൽ പി. ഇളയിടം പറഞ്ഞു. ഇന്ത്യയിലെ ചരിത്ര വിജ്ഞാനത്തെക്കുറിച്ചുള്ള അറിവ് പൊതു സമൂഹത്തിലേക്ക് പകരുന്നതിൽ പരാജയപ്പെട്ടു. ആദിവാസി ജനതയുടെയടക്കം തദ്ദേശീയമായ വിജ്ഞാനപാരമ്പര്യം ചരിത്രത്തിൽനിന്ന് ഒഴിവാക്കപ്പെട്ടു. ഇന്ത്യൻ ദേശീയതയുടെ ബഹുസംസ്‌കാര - മതനിരപേക്ഷ സാംസ്‌കാരപാരമ്പര്യത്തെ ഉയർത്തിക്കാട്ടാൻ കഴിഞ്ഞിട്ടില്ല. വസ്തുതകളാൽ നിലനിൽക്കുന്ന ചരിത്രത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്ന് ചരിത്രകാരന്മാർ തിരിച്ചറിയണം. പൊതുസമൂഹത്തിന്റെ പിന്തുണയില്ലെങ്കിൽ വസ്തുകൾ നിൽനിൽക്കുമ്പോൾ തന്നെ ചരിത്രത്തെ വേഗത്തിൽ വളച്ചൊടിച്ച് മാറ്റാനാകും. ചരിത്രത്തിന്റെ വളച്ചൊടിക്കലിന് തടയിടേണ്ടതുണ്ടെന്നും ചരിത്രവിജ്ഞാന ബോധം വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷമായ രാജ്യത്തിന്റെ നിലനിൽപ്പിന് മതേതര ചെറുത്തുനിൽപ്പുകൾ അനിവാര്യമാണെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ. സുരേഷ് കുറുപ്പ് എം.എൽ.എ. പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷമാണ് രാജ്യത്ത് ജാതി-വർഗീയത ശക്തിപ്പെട്ടതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. ചരിത്രവസ്തുതകളെ മറച്ചുവച്ച് ചരിത്രം പുനർരചിക്കാനുള്ള ശ്രമങ്ങൾ തടയപ്പെടേണ്ടതാണെന്ന് ആദ്യ പുസ്തക വിൽപ്പന നിർവഹിച്ച് മുൻ എം.എൽ.എ. വി.എൻ. വാസവൻ പറഞ്ഞു.

ഡോ. ബാബു ചെറിയാൻ പുസ്തകം പരിചയപ്പെടുത്തി. ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് എൺവയോൺമെന്റ് പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് ഡിജോ കാപ്പൻ, ചെറുകര സണ്ണിലൂക്കോസ്, എസ്.പി.സി.എസ്. സെക്രട്ടറി അജിത്ത് ശ്രീധർ എന്നിവർ സംസാരിച്ചു.keker.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.