‘ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല, മരണക്കിടക്കയിലും സ്നേഹിച്ചു, ഇത് വിശ്വാസ വഞ്ചന’; വിധിയുടെ വിശദാംശങ്ങൾ
നെയ്യാറ്റിൻകര: ഷാരോൺ വധക്കേസിലെ 586 പേജുള്ള വിധി പ്രസ്താവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻ കോടതി ചൂണ്ടിക്കാട്ടിയത്. കൊലപാതകത്തിൽ ഷാരോണിന്‍റെ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മയുടെ പങ്ക് തെളിയിക്കുന്നതാണെന്ന് വിധിയിൽ വിവരിക്കുന്നത്.
മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയയെ സ്നേഹിച്ചെന്ന് വിധി പ്രസ്താവത്തിൽ പറയുന്നു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. സ്നേഹബന്ധം തുടരുമ്പോഴാണ് ഷാരോണിനെ കൊല്ലാൻ ശ്രമിച്ചത്. ലൈഗിംകബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്.
ജൂസിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടാണ് ഷാരോൺ വിഡിയോ ചിത്രീകരിച്ചത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. ആന്തരികാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചത്. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. പ്രകോപനമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിന് തെളിവില്ല.
കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചു നിൽക്കാനുള്ള കൗശലം വിജയിച്ചില്ല. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് കേസ് നൽകിയത്. പ്രതിയുടെ പ്രായം കണക്കിലെടുക്കാൻ സാധിക്കില്ല. കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ലെന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല.
ഗ്രീഷ്മ നേരത്തെ വധശ്രമം നടത്തി. സമർഥമായ കൊലപാതകമാണ് ഗ്രീഷ്മ ചെയ്തത്. പ്രതികൾക്കെതിരായ വധശ്രമം തെളിഞ്ഞതായും ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ലെന്നും വിധിയിൽ ജഡ്ജി ചൂണ്ടിക്കാട്ടി.
വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകൻ ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മക്ക് കോടതി വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർക്ക് മൂന്നു വർഷം തടവു ശിക്ഷ വിധിച്ചു.
കേസിൽ ഒന്നാം പ്രതിയായ പാറശ്ശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർക്കെതിരെ തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന കുറ്റം എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എന്നാൽ, ഗ്രീഷ്മയുടെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ സിന്ധുവിനെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു.
കാമുകനായ മുര്യങ്കര ജെ.പി ഹൗസിൽ ജെ.പി. ഷാരോൺ രാജിനെ (23) 2022 ഒക്ടോബർ 14ന് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിന് തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്.
ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മ സിന്ധു ഒത്താശ ചെയ്തെന്നും കീടനാശിനി ഗ്രീഷ്മക്ക് വാങ്ങി നൽകിയത് അമ്മാവൻ നിർമല കുമാരൻ നായരാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബി.എസ്സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.