അവതാരകയുടെ പരാതിയിൽ അബ്ദുല്ല ബാസിലിനെതിരെ കേസ്: പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് സോളിഡാരിറ്റി
കോഴിക്കോട്: മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മായിൽ. വംശീയ വിദ്വേഷം ചാനലിൽ വിളമ്പിയ അപർണ കുറുപ്പിനെതിരെ പരാതി നൽകിയിട്ടും അതിൽ യാതൊരു നടപടിയും എടുക്കാതെ സൈബർ ആക്രമണത്തിന്റെ പേര് പറഞ്ഞ് ചർച്ചക്ക് ക്ഷണിച്ചുവരുത്തിയ സംവാദകനെതിരെ പരാതി നൽകുകയും ആ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്ത പൊലീസ് നടപടി കേട്ടുകേൾവിയില്ലാത്തതാണ്.
കാന്തപുരത്തിന്റെ പ്രസ്താവനയുടെ മറവിൽ അങ്ങേയറ്റത്തെ മുസ്‌ലിം വിരുദ്ധ വംശീയത പ്രചരിപ്പിക്കാൻ ശ്രമിച്ച സംഘപരിവാർ ഇടത് ലിബറൽ പക്ഷത്തെ തുറന്നു കാണിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന് പകരം അതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ തിരിയുന്നത് അംഗീകരിക്കാൻ ആവില്ല.
കാന്തപുരത്തെ പോലുള്ള മുസ്‌ലിം നേതാക്കളുടെ കോലം കത്തിക്കുകയും പ്രതീകാത്മകമായി ചെരുപ്പുകൊണ്ട് മുഖത്തടിക്കുകയും ചെയ്ത സംഘപരിവാർ ഒരു നടപടിയും നേരിടാതെ നാട്ടിൽ വിലസി നടക്കുകയാണ്. കേരളം അനുദിനം ഇസ്‌ലാമോഫോബിയ സമൂഹമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവു കൂടിയാണ് ഈ വിവാദങ്ങളും നടപടികളും. അതിനെ ചെറുത്തു തോൽപ്പിക്കേണ്ടത് ആരോഗ്യകരമായ സാമൂഹിക സൃഷ്ടിക്ക് അനിവാര്യമാണ്. അതിനെ പിന്തുണക്കുയാണ് സർക്കാർ ചെയ്യേണ്ടത്. പകരം ഇത്തരം പ്രവണതകളെ തുറന്നു കാണിക്കുന്ന നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ലെന്നും ഇസ്മായിൽ പ്രസ്താവനയിൽ പറഞ്ഞു.
കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ തുടർന്ന്, ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിലാണ് വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.
അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിലും ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ചും സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 192, 351(1), 353, 3(5) വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ചർച്ചയുടെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അബ്ദുല്ല ബാസിൽ, അവതാരക മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണവും വധഭീഷണിയും നേരിടേണ്ടി വന്നുവെന്ന് അപർണ കുറുപ്പ് പരാതിയിൽ വ്യക്തമാക്കി. താൻ മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണം തുടർന്നുവെന്നും പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.