കാന്തപുരത്തിന്റെ സ്ത്രീ പരാമർശ ചർച്ച, അവതാരകയുടെ പരാതിയിൽ വിസ്ഡം നേതാവ് അബ്ദുല്ല ബാസിലിനെതിരെ കേസ്; പ്രതിഷേധം
കൊച്ചി: കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ തുടർന്ന്, ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു.
അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിലും ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ചും സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 192, 351(1), 353, 3(5) വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ചർച്ചയുടെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അബ്ദുല്ല ബാസിൽ, അവതാരക മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണവും വധഭീഷണിയും നേരിടേണ്ടി വന്നുവെന്ന് അപർണ കുറുപ്പ് പരാതിയിൽ വ്യക്തമാക്കി. താൻ മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണം തുടർന്നുവെന്നും പരാതിയിലുണ്ട്.
എഫ്.ഐ.ആർ റദ്ദാക്കണം-വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ
അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത നടപടി കടുത്ത വിവേചനമാണെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് പ്രതികരിച്ചു. അവതാരകയുടേത് വ്യാജ പരാതിയാണെന്നും പൊലീസ് തിടുക്കപ്പെട്ട് എഫ്.ഐആർ രജിസ്റ്റർ ചെയ്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ ഇസ്‌ലാമിനെ പരിഹസിക്കുന്ന പരാമർശങ്ങളാണ് അവതാരക നടത്തിയത്. ബാസിലിന്റെ വിശകലന വീഡിയോക്ക് താഴെ മറ്റാരോ പോസ്റ്റിട്ടതിനാണ് കേസെടുത്തിട്ടുള്ളത്. അതിനാൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നും, ആരിഫ് ഹുസൈനെതിരെ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ് ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദങ്ങൾ മറയാക്കി ഇസ്‌ലാമിനെ വേട്ടയാടുകയാണെന്നും ചിലർ ഇസ്‌ലാമോഫോബിയ വളർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേട്ടയാടാൻ അനുവദിക്കില്ല -യൂത്ത് ലീഗ്
അബ്ദുല്ല ബാസിലിന് എതിരായ എഫ്‌ഐആർ പിൻവലിക്കാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. വർഗീയത പറയുന്നവരെ സംരക്ഷിക്കില്ലെങ്കിലും, വർഗീയത പറഞ്ഞവരെ തുറന്നുകാണിച്ചതിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് നടപടി കേട്ടുകേൾവിയില്ലാത്തത്- സോളിഡാരിറ്റി
മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മായിൽ. വംശീയ വിദ്വേഷം ചാനലിൽ വിളമ്പിയ അപർണ കുറുപ്പിനെതിരെ പരാതി നൽകിയിട്ടും അതിൽ യാതൊരു നടപടിയും എടുക്കാതെ സൈബർ ആക്രമണത്തിന്റെ പേര് പറഞ്ഞ് ചർച്ചക്ക് ക്ഷണിച്ചുവരുത്തിയ സംവാദകനെതിരെ പരാതി നൽകുകയും ആ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്ത പൊലീസ് നടപടി കേട്ടുകേൾവിയില്ലാത്തതാണ്.
കാന്തപുരത്തിന്റെ പ്രസ്താവനയുടെ മറവിൽ അങ്ങേയറ്റത്തെ മുസ്‌ലിം വിരുദ്ധ വംശീയത പ്രചരിപ്പിക്കാൻ ശ്രമിച്ച സംഘപരിവാർ ഇടത് ലിബറൽ പക്ഷത്തെ തുറന്നു കാണിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന് പകരം അതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ തിരിയുന്നത് അംഗീകരിക്കാൻ ആവില്ല.
കാന്തപുരത്തെ പോലുള്ള മുസ്‌ലിം നേതാക്കളുടെ കോലം കത്തിക്കുകയും പ്രതീകാത്മകമായി ചെരുപ്പുകൊണ്ട് മുഖത്തടിക്കുകയും ചെയ്ത സംഘപരിവാർ ഒരു നടപടിയും നേരിടാതെ നാട്ടിൽ വിലസി നടക്കുകയാണ്. കേരളം അനുദിനം ഇസ്‌ലാമോഫോബിയ സമൂഹമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവു കൂടിയാണ് ഈ വിവാദങ്ങളും നടപടികളും. അതിനെ ചെറുത്തു തോൽപ്പിക്കേണ്ടത് ആരോഗ്യകരമായ സാമൂഹിക സൃഷ്ടിക്ക് അനിവാര്യമാണ്.
അതിനെ പിന്തുണക്കുയാണ് സർക്കാർ ചെയ്യേണ്ടത്. പകരം ഇത്തരം പ്രവണതകളെ തുറന്നു കാണിക്കുന്ന നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല.
കടുത്ത അനീതി -എസ്.ഐ.ഒ
അബ്ദുല്ല ബാസിലിനെതിരായ കേസ് കടുത്ത അനീതിയാണെന്ന് എസ്.ഐ.ഒ പ്രസ്താവനയിൽ പറഞ്ഞു. കാന്തപുരം നടത്തിയ പ്രസ്താവനയെ കുറിച്ച ചർച്ചയിൽ അപർണ കുറുപ്പ് നടത്തിയ പ്രസ്താവന തികഞ്ഞ വംശീയതയും മുസ്‌ലിം സമൂഹത്തിന് നേരെ വെറുപ്പ് പ്രചരിപ്പിക്കുന്നതുമായിരുന്നു. അപർണ നടത്തിയ പ്രസ്താവനയിൽ എസ്.ഐ.ഒ സെക്രട്ടറി മിസ്ഹബ് അടക്കം നിരവധിപേർ നൽകിയ പരാതികൾ ഇപ്പോഴും കേസ് എടുക്കാതെ പൊലീസ് കൈയിൽ വെച്ചിരിക്കുകയാണ്.
എന്നാൽ അപർണയെ നടത്തിയ പ്രസ്താവനയെ തുറന്നു കാണിച്ചുകൊണ്ട് സംസാരിച്ച ഡോ.അബ്ദുല്ല ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുകയാണ്. സമൂഹത്തിൽ നീതി നടപ്പിലാക്കേണ്ട പൊലീസ് സംവിധാനം വ്യക്തമായും കുറ്റകൃത്യം ചെയ്ത ആളെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാട്ടിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. മുസ്‌ലിംകളെ കുറിച്ച് ആർക്കും എന്തും പറയാമെന്നും എന്നാൽ മുസ്‌ലിംകളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുന്നത് പോലും കുറ്റകൃത്യമാകുന്ന സാഹചര്യം ഭീതിതമാണ്. ഈ സാഹചര്യത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.