പ്രതീകാത്മക ചിത്രം
പ്രിയദർശിനി: യാത്രക്കാരുടെ എണ്ണത്തിൽ 50.10 ശതമാനം വർധനയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. 2025 ജൂൺ 15 മുതൽ ജൂലൈ 14 വരെ ഓർഡിനറി യാത്രകൾ 3.83 കോടി ആയിരുന്നത് പദ്ധതി നടപ്പാക്കിയ ശേഷമുള്ള സമാന കാലയളവിൽ (2026 ജൂൺ 15 - ജൂലൈ 14) 5.75 കോടിയായി ഉയർന്നു. ആകെ നടത്തിയ യാത്രകളുടെയോ ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെയോ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കെന്ന് കെ. പദ്മകുമാർ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2026ലെ പഠന കാലയളവിൽ രേഖപ്പെടുത്തിയ ആകെ ഓർഡിനറി യാത്രകളിൽ 3.81 കോടിയും (ഏകദേശം 66.24 ശതമാനം) പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്രകളാണ്. ശേഷിക്കുന്ന 1.94 കോടി യാത്രകൾ (33.76 ശതമാനം) സാധാരണ ടിക്കറ്റ് നൽകിയുള്ളതും. 30 ദിവസത്തെ ഈ സൗജന്യ യാത്രകളുടെ ആകെ അനുമാന ടിക്കറ്റ് മൂല്യം ഏകദേശം 81.29 കോടി രൂപയാണ്. ഒരു സൗജന്യ യാത്രയുടെ ശരാശരി മൂല്യം 21.33 രൂപയായാണ് കണക്കാക്കുന്നത്. ഏറ്റവും കുറഞ്ഞ ശരാശരി മൂല്യം രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ് (17.53 രൂപ). ഏറ്റവും ഉയർന്ന ശരാശരി മൂല്യം രേഖപ്പെടുത്തിയത് മലപ്പുറത്തും (31.80 രൂപ). ഉയർന്ന ശരാശരി മൂല്യം കാണിക്കുന്നത് കൂടുതൽ ദൂരത്തേക്ക് യാത്ര ചെയ്തു എന്നതാണ്.
ഓർഡിനറി യാത്രക്കാരുടെ എണ്ണം 50.10 ശതമാനം വർധിച്ചെങ്കിലും അതിനനുസരിച്ച് കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയ ദൂരത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. 2025ലെ സമാന കാലയളവിൽ ഓർഡിനറി സർവിസ് കിലോമീറ്ററുകൾ 1.82 കോടി (1,82,84,055.5) കിലോമീറ്റർ ആയിരുന്ന സ്ഥാനത്ത് 2026ൽ ഇത് 1.95 കോടിയായി (1,95,36,547.50) മാത്രമാണ് ഉയർന്നത്.
കലക്ഷൻ 50 ശതമാനം കുറഞ്ഞെന്ന് സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം: പ്രിയദർശിനി വന്ന ശേഷം തങ്ങളുടെ പ്രതിദിന ടിക്കറ്റ് കലക്ഷനിൽ 10 മുതൽ 50 ശതമാനം വരെ കുറവുണ്ടായെന്ന് സ്വകാര്യ ബസുടമകൾ ചൂണ്ടിക്കാട്ടുന്നതായി വിദഗ്ധ സമിതി റിപ്പോർട്ട്. പ്രിയദർശിനി പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് സ്വകാര്യ ബസുകളിലെ സ്ഥിരം യാത്രക്കാരിൽ വലിയൊരു പങ്ക് സ്ത്രീകളായിരുന്നു. സൗജന്യ യാത്ര അനുവദിച്ചതോടെ വലിയ തോതിൽ സ്ത്രീ യാത്രക്കാർ കെ.എസ്.ആർ.ടി.സിയിലേക്ക് മാറി.
കുടുംബാംഗങ്ങൾ ഒരുമിച്ച് കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യാൻ തുടങ്ങിയതോടെ സ്വകാര്യ ബസുകളിലെ മറ്റ് യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. റൂട്ടും ജില്ലയും അനുസരിച്ച് ഓരോ ബസിനും പ്രതിദിനം 500 മുതൽ 3,500 രൂപ വരെ കലക്ഷനിൽ കുറവുണ്ടായതായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. മലയോര മേഖലകളിലൂടെ സർവിസ് നടത്തുന്ന 250 മുതൽ 300 കിലോമീറ്റർ വരെയുള്ള ദീർഘദൂര റൂട്ടുകളിലെ സ്വകാര്യ ബസുകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചത്.
ഇത്തരം റൂട്ടുകളിൽ പ്രതിദിനം 2,000 മുതൽ 4,000 വരെയും ചില പ്രത്യേക കേസുകളിൽ 5,000 വരെയും നഷ്ടം നേരിടുന്നതായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. ബസുടമകൾ ഉന്നയിച്ച നഷ്ടത്തിന്റെ കണക്കുകൾ പ്രധാനമായും അവരുടെ നിവേദനങ്ങളെയും എഴുതിനൽകിയ പ്രസ്താവനകളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൃത്യവും ശാസ്ത്രീയവുമായ ഇലക്ട്രോണിക് ടിക്കറ്റിങ് രീതികളോ ഓഡിറ്റ് ചെയ്ത രേഖകളോ ലഭ്യമല്ലാത്തതിനാൽ കണക്കുകൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.