രാജീവും അഭിരാമിയും
നവദമ്പതികൾ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി; വീട്ടുകാരുടെ എതിർപ്പ് മറികടന്ന് നാലു മാസം മുമ്പായിരുന്നു വിവാഹം
കൊല്ലം: ശാസ്‌താംകോട്ട തടാകത്തിൽ അമ്പലക്കടവ് ഭാഗത്ത് നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ മറവൻകോട് വാളിയോട് ഐ.എച്ച്.ഡി.പി ഉന്നതിയിൽ രാജേഷ് ഭവനിൽ രവിയുടെ മകൻ രാജീവ് (26), മറവൻകോട് വാളിയോട് ഐ.എച്ച്.ഡി.പി ഉന്നതിയിൽ അഭിഷേക് ഭവനിൽ അനിയുടെ മകൾ അഭിരാമി (19) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അമ്പലക്കടവിൽനിന്നു ഞായർ രാവിലെ ഒമ്പതോടെ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ശാസ്‌താംകോട്ട ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ 50 മീറ്റർ പരിധിയിൽനിന്നു രാജീവിന്‍റെ മൃതദേഹവും കണ്ടെത്തി. താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. ഞായർ പുലർച്ചെയാണ് ഇരുവരും കായലിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. നാല് മാസം മുമ്പാണ് പ്രണയത്തിലായിരുന്ന രാജീവും അഭിരാമിയും വിവാഹിതരായത്.
ഇരു വീട്ടുകാരുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു വിവാഹം. പിന്നീട് വാടക വീട്ടിലായിരുന്നു താമസം. രണ്ടുപേരും സ്വന്തം വീടുകളിലേക്ക് പോകുകയോ, വീട്ടുകാർ ഇവരുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. അമ്പലംകുന്ന് സ്‌കൂളിലെ ക്ലിനിങ് സ്റ്റാഫായി ജോലി ചെയ്തു വരികയായിരുന്നു രാജീവ്. പൂയപ്പള്ളി പൊലീസ് കഴിഞ്ഞ മാസം ഇരുവരെയും വിളിപ്പിച്ച് സംസാരിച്ചിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല. ശാസ്താംകോട്ട പൊലീസ് കേസ്സെടുത്തു. ശാസ്താംകോട്ട ഗ്രേഡ് സ്റ്റേഷൻ ഓഫിസർ രമേശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘാംഗങ്ങളാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.