വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ദ്വിദിന നേതൃസംഗമം ലീഡ് കെ.പി. നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
സത്യത്തിനുവേണ്ടിയുള്ള യുവജന ശബ്ദത്തെ അടിച്ചമർത്തരുത് :വിസ്‌ഡം യൂത്ത്
തിരൂർ: ഒരു സമുദായത്തെ പ്രതിയാക്കി സത്യവിരുദ്ധമായ പ്രചാരണങ്ങൾ പടച്ച് വിടുന്ന ശൈലിക്കെതിരെയുള്ള യുവജനശബ്ദങ്ങളെ അടിച്ചമർത്തുകയും ഭീഷണിയുയർത്തുകയും ചെയ്യുന്നത് ഭീരുത്വമാണെന്ന് ആലത്തിയൂരിൽ വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ലീഡ് നേതൃസംഗമം അഭിപ്രായപ്പെട്ടു.
ഇസ്‌ലാമിനെതിരെ ശബ്ദിക്കുന്ന മുസ്‌ലിം നാമധാരികളെ അതിന്‍റെ പ്രതിനിധിയായി അവരോധിക്കുന്ന മാധ്യമ അജണ്ടകളെ തിരിച്ചറിയണം. പ്രവാചക നിന്ദയടക്കമുള്ള മാരകമായ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ശിക്ഷക്ക് വിധേയമാക്കണം. ഭരണഘടന അനുവദിച്ച വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ആദർശ ജീവിതത്തെ ദുസഹമാക്കാൻ ആഖ്യാനം മെനയുകയും ചെയ്യുന്ന ശക്തികളെ കരുതിയിരിക്കണം. വിശ്വാസത്തെയും വേഷവിധാനങ്ങളെയും പ്രത്യേകം ടാർഗറ്റ് ചെയ്ത് ആക്രമിക്കുന്ന ശൈലി സാമ്രാജ്യത്വത്തിന്‍റേതാണ്. അഭിപ്രായപ്രകടനം പോലെയുള്ള ജനാധിപത്യ മൂല്യങ്ങളെ തിരസ്കരിക്കുന്ന ശക്തികളെ യുവാക്കൾ കരുതിയിരിക്കണം.
അവകാശ ധ്വംസനത്തിനെതിരെ ശബ്ദിക്കുന്ന യുവതയെ അടിച്ചമർത്തുന്നത് അപലപനീയമാണ്. സാമൂഹിക അനീതിക്കെതിരെയുള്ള പുതുതലമുറയുടെ പ്രതികരണങ്ങളെ മാനിക്കണമെന്നും അഭിപ്രായസ്വാതന്ത്ര്യം വകവെച്ച് കൊടുക്കാൻ അധികൃതർ തയാറാകണമെന്നും സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന നേതൃ സംഗമം ലീഡ് കെ.പി. നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്‍റ് ടി.കെ. നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് ഡാനിഷ് മുഖ്യാതിഥിയായി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ബിൻ സലീം, ജമിയത്തുൽ ബുഹൂഥുൽ ഇസ്ലാമിയ സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ മദീനി, ഡോ. ബഷീർ, മുഹമ്മദ് അമീൻ, കെ. താജുദ്ദീൻ സ്വലാഹി, ടി.കെ. ഉബൈദ്, ജംഷീർ സ്വലാഹി, ഡോ. പി.പി. നസീഫ്, ഡോ. ഫസ്‌ലുറഹ്‌മാൻ, അമീർ അത്തോളി, സി. അബ്‌ദുറഹ്‌മാൻ, നൗഫൽ പാലക്കാട്, പി.എച്ച്. മെഹബൂബ്, അവാം സുറൂർ എന്നിവർ സംസാരിച്ചു. പ്രൊഫൈസ്, എൻവിഷൻ, ക്യൂ.എച്ച്.എൽ.എസ്, കേരള ടീച്ചേഴ്സ് കോൺഫറൻസ്, മുഖാമുഖം, ട്രീറ്റ്, ആംപ്ലിഫൈ തുടങ്ങി അടുത്ത മൂന്നു മാസകാലത്തേക്കുള്ള ദഅവാ പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.