അനഘയുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി സാംസ്കാരിക പ്രവർത്തകർ; സർക്കാർ ഉടൻ ഇടപെടണമെന്ന് ആവശ്യം
കോഴിക്കോട്: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാർഥിനി അനഘ ശശി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാംസ്കാരിക പ്രവർത്തകർ. രണ്ടാംഘട്ട സമരത്തിന്‍റെ ഭാഗമായി അനഘ ശനിയാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു.
മൂന്നാഴ്ച സത്യഗ്രഹ സമരം നടത്തിയിട്ടും സർക്കാറിന്‍റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് നിരാഹാര സമരം തുടങ്ങിയത്. വിഷയത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് 50ഓളം സാംസ്കാരിക പ്രവർത്തകർ ഒപ്പുവെച്ച കത്തിൽ ആവശ്യപ്പെട്ടു. കടുത്ത ജാതിപീഡനം നേരിടേണ്ടി വന്ന ഈ ഗവേഷണ വിദ്യാര്‍ഥിയെ ഇത്തരമൊരു സമരത്തിലേക്ക് തള്ളിയിട്ട സംസ്ഥാന സര്‍ക്കാറിന്റെയും സര്‍വകലാശാല അധികൃതരുടെയും നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രോഹിത് വെമുല ആക്ട് നടപ്പാക്കുക, അനഘ ശശിക്ക് സ്വതന്ത്രമായും ആത്മാഭിമാനത്തോടെയും തന്റെ ഗവേഷണം പൂര്‍ത്തിയാക്കുന്നതിനു വേണ്ട അവസരം ഒരുക്കുക, അനഘക്കെതിരെ ജാതി പീഡനം നടത്തിയ അധ്യാപകരായ അരുണ്‍ ബാബു, ജെയ്‌നി വര്‍ഗീസ്, റൂംമേറ്റായ വിദ്യാര്‍ഥിയടക്കമുള്ളവര്‍ക്കെതിരേ പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കുക, എല്ലാ ദലിത്, ആദിവാസി, മതന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കും ആത്മാഭിമാനത്തോടെ അവരുടെ പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക തുടങ്ങിയകാര്യങ്ങളാണ് അനഘയുടെ സമരം മുന്നോട്ടുവെക്കുന്നതെന്നും കത്തിൽ പറയുന്നു.
അനഘയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉടനടി ഉണ്ടാവണമെന്നും സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു. കവി കെ. സച്ചിദാനന്ദന്‍, കെ.ജി.എസ്, പ്രഫ. കെ. അരവിന്ദാക്ഷന്‍, പി.കെ. പോക്കര്‍, ഡോ. കെ.എസ്. മാധവന്‍, പി.കെ. പാറക്കടവ്, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ. ജെ. ദേവിക, കെ.സി. ഉമേഷ് ബാബു, പ്രഫ. കുസുമം ജോസഫ്, ഡോ. ആസാദ് മലയാറ്റില്‍, കെ.എസ്. ഹരിഹരന്‍, ടി.എസ്. ശ്യാം കുമാര്‍, കെ. അംബുജാക്ഷന്‍, സുബ്രഹ്‌മണ്യൻ നടുവിലത്ത്, സജിത മഠത്തില്‍, സുദേശ് എം. രഘു, ബാബുരാജ് ഭഗവതി, അംബിക, ഒ.പി. രവീന്ദ്രന്‍, പ്രേംചന്ദ്,
ദീദി ദാമോദരന്‍, അഡ്വ. ഭദ്രകുമാരി, സുല്‍ഫത്ത് എം. സുലു, കെ.വി. അഷ്ടമൂര്‍ത്തി, രാജന്‍ മണ്ണാര്‍ക്കാട്, ഹര്‍ഷദ്, ഷബ്ന മുഹമ്മദ്, അനുരാജ് ഗിരിജ, ഡോ. ഹരീഷ്, ഡോ. ആശ പ്രഭാകരന്‍, ഹരി, ജി.എം. അരുണ്‍, സി.പി. റഷീദ്, പ്രതാപ് ജോസഫ്, അനൂപ് മാത്യു ജോര്‍ജ്, കെ.വി. ഷാജി, നിഹാരിക പ്രതോഷ്, റഹീം, സീന പനോളി, കെ.പി. പ്രകാശന്‍, അഡ്വ. റഹ്‌മാന്‍ ഇരിക്കൂര്‍, ഡോ. രാജഗോപാല്‍, അഡ്വ. ഷാഹിദ്, ഒ.പി. സുരേഷ്, ബാലകൃഷ്ണന്‍, അപരാജിത രാജ, ശ്രീനാഥ്, അര്‍ഷക് ഗുഫ്തുഗു എന്നിവർ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.