‘മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണം, തിരുത്തണം’; വിശാല സംസ്ഥാന സമിതിക്കുള്ള സി.പി.എം രേഖ

തിരുവനന്തപുരം: തെറ്റുതിരുത്തൽ സംബന്ധിച്ച് ചർച്ചകൾ കൊടുമ്പിരികൊള്ളുന്നതിനിടെ സി.പി.എമ്മിന്‍റെ മതനിരപേക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ശരിയായ രീതിയിൽ ജനങ്ങൾക്കിടയിൽ അവതരിപ്പിച്ചും തെറ്റുകൾ തിരുത്തിയും മുന്നോട്ടു കൊണ്ടുപോകണമെന്ന് വിശാല സംസ്ഥാന കമ്മിറ്റിക്കായുള്ള കരട് രേഖ. നിലവിലെ വിവാദങ്ങളിൽ കാര്യമായ പരാമർശങ്ങളില്ലെങ്കിലും സംസ്ഥാന കമ്മിറ്റി നേരത്തേ തയാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് രേഖ തയാറാക്കിയിരിക്കുന്നതെന്നാണ് സൂചന. ജാതി-മത അടിസ്ഥാനത്തിലുള്ള സ്വത്വരാഷ്ട്രീയത്തിന്റെ സ്വാധീനം വർധിക്കുന്നത് പാർട്ടിയുടെ വോട്ട് ബാങ്കിനെ തകർക്കുന്നെന്ന് രേഖ വിലയിരുത്തുന്നു. വർഗീയ കൂട്ടുകെട്ടുകൾക്കെതിരെ പൊതുബോധം സൃഷ്ടിക്കുന്നതിൽ പാർട്ടി കൂടുതൽ ജാഗ്രത പുലർത്തണം.

തുടർഭരണമുണ്ടായ ബംഗാളിലേതിന് സമാനമായി ഭരണത്തുടർച്ചയുടെ ഘട്ടത്തിൽ കേരളത്തിലും പാർട്ടിയും വർഗബഹുജന സംഘടനകളും ദുർബലപ്പെട്ടെന്ന സ്വയം വിമർശനം രേഖയിലുണ്ടെന്നാണ് വിവരം. ഇടതുപക്ഷത്ത് വലതുപക്ഷവത്കരണം നടക്കുന്നെന്ന പ്രചാരണം വ്യാപകമായി നടന്നു. പാർലമെന്ററി പ്രവർത്തനത്തിനും സംഘടന പ്രവർത്തനത്തിനും സി.പി.എമ്മിന് കൃത്യമായ കാഴ്ചപ്പാടുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭ-പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞില്ല.

എല്ലാ മേഖലയിലും വലിയ കുതിപ്പ് സൃഷ്ടിച്ച സർക്കാറിനെ വീണ്ടും ഭരണത്തിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയാണ് പാർട്ടിക്കുണ്ടായിരുന്നത്. എന്നാൽ, നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണ്. പോരായ്മകൾ തിരുത്തിയും കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചും മുന്നോട്ടുകൊണ്ടുപോകാനാകണം. കേരളത്തിലെ ഇടതുപക്ഷ മുന്നണിയെ ശക്തിപ്പെടുത്തുകയെന്നത് രാജ്യത്തെ ജനകീയ പോരാട്ടത്തിന് അനിവാര്യമാണെന്നത് മുൻനിർത്തി മുന്നോട്ട് പോകണം.

1977ലെ അടിയന്തരാവസ്ഥയെ തുടർന്നുള്ള തെരഞ്ഞെടുപ്പിൽ 17 സീറ്റിൽ മാത്രമാണ് സി.പി.എമ്മിന് ജയിക്കാനായത്. 20 പാർലമെന്‍റ് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. അതിനെയെല്ലാം അതിജീവിച്ച് പിന്നീട് പലവട്ടം ഭരണം കൈയാളിയിട്ടുണ്ട്. ദൗർബല്യങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കി പ്രവർത്തനത്തെ മുന്നോട്ടുനയിക്കാൻ കഴിയണം. തിരിച്ചടിയെ മറികടക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയെന്നത് പ്രധാനമാണ്.

സർക്കാറിന്റെ എല്ലാ പദ്ധതികളെയും വിമർശിക്കാനാണ് വലതുപക്ഷ മാധ്യമങ്ങളോടൊപ്പം യു.ഡി.എഫ് ശ്രമിച്ചത്. എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികളെയും യോജിപ്പിക്കാനും ഇവർ പരിശ്രമിച്ചു. ഇതിലൂടെ സർക്കാർവിരുദ്ധ വികാരം തുടർച്ചയായി നിലനിർത്താനുള്ള ആസൂത്രണ ശ്രമങ്ങളുണ്ടായി. ഇത്തരത്തിൽ പാർട്ടിക്കെതിരായ ശക്തികളെയാകെ യോജിപ്പിച്ച് കൊണ്ടുപോകാൻ നടത്തിയ ഇടപെടലാണ് ഇടതുമുന്നണിയുടെ പരാജയത്തിന്റെ പ്രധാന കാരണമെന്നും കരട് രേഖയിലുണ്ടെന്നാണ് വിവരം.

Tags:    
News Summary - "Uphold secular politics, must correct": CPM document for the extended state committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.