അപർണ കുറുപ്പ് നൽകിയ കള്ളക്കേസിൽ അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാർഹം; വിമർശിച്ച് ശിഹാബ് പൂക്കോട്ടൂർ

കോഴിക്കോട്: ബിഗ് ടി.വി അവതാരക അപർണ കുറുപ്പ് നൽകിയ കള്ളക്കേസിൽ അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തിരിക്കുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. അപർണ കുറുപ്പ് മുസ്ലിം സമുദായത്തിനെതിരെ വെറുപ്പുൽപാദിപ്പിച്ച് വംശീയത പ്രചരിപ്പിച്ചതിനെതിരെ ശക്തമായ നിയമ നടപടികൾ എടുക്കാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

ക്ഷണിച്ച ചർച്ചയിൽവന്ന് മാന്യമായി സംസാരിച്ച്, മുസ്‌ലിം വിരുദ്ധ ചർച്ചയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് അപർണ കുറുപ്പ് നൽകിയ കള്ളക്കേസിൽ അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തിരിക്കുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാണ്. മുസ്‌ലിം സമുദായത്തെ അപരരായി പ്രതിഷ്ഠിച്ച് വേട്ടയാടാനുള്ള ഇസ്ലാമോഫോബിക്ക് ജൽപനങ്ങളെ തുറന്നു കാണിച്ച ബാസിലിന് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും നേരുന്നുവെന്നും കുറിപ്പിൽ പറയുന്നു.

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ തുടർന്നാണ് അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവായ ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിലും ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ചും സമൂഹമാധ്യമങ്ങളിലൂടെ വിഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 192, 351(1), 353, 3(5) വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ചർച്ചയുടെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അബ്ദുല്ല ബാസിൽ, അവതാരക മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണവും വധഭീഷണിയും നേരിടേണ്ടി വന്നുവെന്ന് അപർണ കുറുപ്പ് പരാതിയിൽ വ്യക്തമാക്കി. താൻ മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണം തുടർന്നുവെന്നും പരാതിയിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

ബിഗ് ടി .വി അവതാരക അപർണ്ണ കുറുപ്പ് മുസ്ലിം സമുദായത്തിനെതിരെ വെറുപ്പുല്പാദിപ്പിച്ച് വംശീയത പ്രചരിപ്പിച്ചതിനെതിരെ ശക്തമായ നിയമ നടപടികൾ എടുക്കാൻ സർക്കാർ തയ്യാറാവണം.

അപർണ്ണ ക്ഷണിച്ച ചർച്ചയിൽ വന്ന് മാന്യമായി സംസാരിച്ച്, മുസ്‌ലിം വിരുദ്ധ ചർച്ചയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് അപർണ കുറുപ്പ് നൽകിയ കള്ളക്കേസിൽ അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തിരിക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണ്.

മുസ്‌ലിം സമുദായത്തെ അപരരായി പ്രതിഷ്ഠിച്ച് വേട്ടയാടാനുള്ള ഇസ്ലാമോഫോബിക്ക് ജൽപനങ്ങളെ തുറന്നു കാണിച്ച ഡോ: അബ്ദുല്ല ബാസിലിന് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും നേരുന്നു.

Tags:    
News Summary - Shihab Pookkottur condemned the filing of a case against Abdullah Basil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.