അബ്ദുല്ല ബാസിലിനെതിരായ കേസ് കടുത്ത അനീതി​യെന്ന് എസ്.ഐ.ഒ


കോഴിക്കോട്: അബ്ദുല്ല ബാസിലിനെതിരായ കേസ് കടുത്ത അനീതിയാണെന്ന് എസ്.ഐ.ഒ പ്രസ്താവനയിൽ പറഞ്ഞു. കാന്തപുരം നടത്തിയ പ്രസ്താവനയെ കുറിച്ച ചർച്ചയിൽ അപർണ കുറുപ്പ് നടത്തിയ പ്രസ്താവന തികഞ്ഞ വംശീയതയും മുസ്‌ലിം സമൂഹത്തിന് നേരെ വെറുപ്പ് പ്രചരിപ്പിക്കുന്നതുമായിരുന്നു. അപർണ നടത്തിയ പ്രസ്താവനയിൽ എസ്.ഐ.ഒ സെക്രട്ടറി മിസ്ഹബ് അടക്കം നിരവധിപേർ നൽകിയ പരാതികൾ ഇപ്പോഴും കേസ് എടുക്കാതെ പൊലീസ് കൈയിൽ വെച്ചിരിക്കുകയാണ്. എന്നാൽ അപർണയെ നടത്തിയ പ്രസ്താവനയെ തുറന്നു കാണിച്ചുകൊണ്ട് സംസാരിച്ച ഡോ.അബ്ദുല്ല ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുകയാണ്. സമൂഹത്തിൽ നീതി നടപ്പിലാക്കേണ്ട പൊലീസ് സംവിധാനം വ്യക്തമായും കുറ്റകൃത്യം ചെയ്ത ആളെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാട്ടിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. മുസ്‌ലിംകളെ കുറിച്ച് ആർക്കും എന്തും പറയാമെന്നും എന്നാൽ മുസ്‌ലിംകളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുന്നത് പോലും കുറ്റകൃത്യമാകുന്ന സാഹചര്യം ഭീതിതമാണ്. ഈ സാഹചര്യത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് എസ്.ഐ.ഒ പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവത്തിൽ യൂത്ത് ലീഗ്, വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായെത്തിയിട്ടുണ്ട്.

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ തുടർന്ന്, ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിലാണ് വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.

അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിലും ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ചും സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 192, 351(1), 353, 3(5) വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ചർച്ചയുടെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അബ്ദുല്ല ബാസിൽ, അവതാരക മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണവും വധഭീഷണിയും നേരിടേണ്ടി വന്നുവെന്ന് അപർണ കുറുപ്പ് പരാതിയിൽ വ്യക്തമാക്കി. താൻ മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണം തുടർന്നുവെന്നും പരാതിയിലുണ്ട്.

Tags:    
News Summary - SIO Says Case Against Abdulla Basil Is Grave Injustice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.