തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ ശക്തമായ വിമർശനവുമായി എസ്.എഫ്.ഐ. ഇസ്‌ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്നുമുള്ള സർക്കുലറിലെ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്.എഫ്.ഐ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പ്രസ്താവനകൾ ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ, അവരെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനുമുള്ള ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്ന തുല്യാവകാശവും, ആർട്ടിക്കിൾ 19 നൽകുന്ന സഞ്ചാര-സ്വാതന്ത്ര്യവും സ്ത്രീകൾക്കും ബാധകമാണ്. വിശ്വാസത്തിന്റെ പേരിലായാൽ പോലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല.
കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനാണ് ഇത്തരം ഫത്വകളിലൂടെ യാഥാസ്ഥിതിക നേതൃത്വം ശ്രമിക്കുന്നത്.
ലിംഗസമത്വത്തിനും പുരോഗമന ആശയങ്ങൾക്കും തുല്യാവകാശങ്ങൾക്കും വേണ്ടി പൊരുതിയ കേരള സമൂഹത്തെ അപമാനിക്കുന്ന ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ സർക്കുലർ പിൻവലിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണം.
വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നതുമായ ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ തള്ളിക്കളയാനും, ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാനുമായി വിദ്യാർഥികളും കേരളീയ പൊതുസമൂഹവും ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് എം. ശിവപ്രസാദ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പോസ്റ്റിന്റെ പൂർണരൂപം
സമസ്ത കേരള പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണ്. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പ്രസ്താവനകൾ ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. നിരവധി പ്രഗത്ഭരായ മുസ്ലിം വനിതകൾ ലോകത്തെയും രാജ്യത്തെയും തന്നെ വിവിധ തുറകളിൽ നയിക്കുകയും, ചരിത്രത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കാലമാണിത്. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ, അവരെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണ്.
ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും ഉറപ്പുനൽകുന്ന തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്ന തുല്യാവകാശവും, ആർട്ടിക്കിൾ 19 നൽകുന്ന സഞ്ചാര-സ്വാതന്ത്ര്യവും സ്ത്രീകൾക്കും ബാധകമാണ്. വിശ്വാസത്തിന്റെ പേരിലായാൽ പോലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനാണ് ഇത്തരം ഫത്വകളിലൂടെ യാഥാസ്ഥിതിക നേതൃത്വം ശ്രമിക്കുന്നത്. ലിംഗസമത്വത്തിനും പുരോഗമന ആശയങ്ങൾക്കും തുല്യാവകാശങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ കേരള സമൂഹത്തെ അപമാനിക്കുന്ന ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ സർക്കുലർ പിൻവലിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണം. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നതുമായ ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ തള്ളിക്കളയാനും, ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാനുമായി വിദ്യാർത്ഥികളും കേരളീയ പൊതുസമൂഹവും ഒന്നടങ്കം ശബ്ദമുയർത്തണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.