കൊണ്ടോട്ടി: മോട്ടോര്‍ വാഹന വകുപ്പിന്റെ കൊണ്ടോട്ടി ഓഫിസിലെ ജീവനക്കാര്‍ക്കും ഓഫിസില്‍ നടക്കുന്ന അഴിമതികള്‍ക്കുമെതിരെ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടശേഷം ഓട്ടോ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും തുടര്‍ നടപടികളിലേക്ക്. ആത്മഹത്യ ചെയ്ത കിഴിശ്ശേരി മുണ്ടംപറമ്പ് ആനക്കല്ലിങ്ങല്‍ സ്വദേശി ഷൗക്കത്തലിയുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, കൊണ്ടോട്ടി സബ് ആര്.ടി.ഒ ഓഫിസില്‍നിന്നുള്ള റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് സമര്‍പ്പിച്ചു. ഷൗക്കത്തലി കൊണ്ടോട്ടി സബ് ആര്.ടി.ഒ ഓഫിസില്‍ നല്കിയ അപേക്ഷ സംബന്ധിച്ചും പിന്നീട് സ്വീകരിച്ച നടപടികളും സംബന്ധിച്ചാണ് റിപ്പോര്‍ട്ട്. വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായി ഗതാഗത കമീഷണര്‍ മലപ്പുറം ആര്.ടി.ഒയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് വിശദ പരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും വകുപ്പുതല തുടര്‍നടപടികള്‍. ഓട്ടോക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതില്‍ കൊണ്ടോട്ടി സബ് ആര്.ടി.ഒ ഓഫിസില്‍നിന്ന് അനുകൂല നടപടികളുണ്ടായില്ലെന്നും ഏജന്റുമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ലോബി സാധാരണക്കാരെ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാതെ വഞ്ചിക്കുകയുമാണെന്നാരോപിച്ചുള്ള കുറിപ്പുകള്‍ സമൂഹമാധ്യമത്തില്‍ നിരന്തരം ഉന്നയിച്ചാണ് ഷൗക്കത്തലി കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്.
ഷൗക്കത്തലിയുടെ ഫോണ്‍ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഫോണ്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നിരുന്നില്ല എന്ന ആരോപണം ശക്തമായിരിക്കെയാണ് ഫോണും ലാപ്ടോപ്പും വീണ്ടും കസ്റ്റഡിയിലെടുത്തത്. ഇതിലെ ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഡിജിറ്റല്‍ ഉപകരണങ്ങളിലെ വിവരങ്ങള്‍ ശാസ്ത്രീയമായി വീണ്ടെടുക്കുന്നതിലൂടെ കേസന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.