തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അറസ്റ്റിലായ ഡി.സി.സി അംഗം ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീകാര്യം പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെയാണെന്നും കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.
എന്നാൽ മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് തന്റെ അറസ്റ്റെന്നും പൊലീസ് കസ്റ്റഡിയിലിരിക്കെ അനിൽ പ്രതികരിച്ചു. 10 വർഷത്തിനുശേഷം പാർട്ടി ഭരണത്തിൽ വന്നതല്ലേ ഇതൊക്കെ തന്നെ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടി നടന്ന സ്ഥലത്ത് തലേന്നാൾ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്. ഞാനുൾപ്പെടെ എത്തിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. പരിപാടിയിൽ പങ്കെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതാണ്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് 6.30ന് നിശ്ചയിച്ച പരിപാടി ആറ് മണിക്കാക്കിയത്. മുഖ്യമന്ത്രിയെ തടഞ്ഞതൊന്നുമല്ല. ആൾക്കൂട്ടം കണ്ട് വാഹനം പതുക്കെയായപ്പോൾ അവിടെയുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ അടുത്തെത്തി സംസാരിച്ചു. തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങിയ മുഖ്യമന്ത്രി ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു.
ചേന്തി അനിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ കേസിൽ റിമാൻഡിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകൻ ചേന്തി അനി എന്ന അനിൽ കുമാറിന്റെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്) തിങ്കളാഴ്ച വിധി പറയും. സംഭവത്തിൽ അറസ്റ്റിലായ അനിലിനെ സെപ്റ്റംബർ 11 വരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. വെള്ളിയാഴ്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് ശ്രീകാര്യം വഴി വരികയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വെച്ച് തടഞ്ഞുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.