സർജറിക്ക് വിധേയനായ ബാനർജി ആശുപത്രിയിൽ
വള്ളികുന്നം: തിരുവോണ ദിനത്തിൽ ട്രെയിൻ യാത്രക്കിടെ ഹൃദ്രോഗ ബാധിതനായ മലയാളിക്ക് രക്ഷകനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഹൈദരാബാദിൽ നിന്നും ഗൂഡല്ലൂരിലേക്കുള്ള ജോധ്പൂർ-കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ട്രെയിനിൽ തന്റെ ജോലി സംബന്ധമായ ആവശ്യവുമായി ഒറ്റക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആലപ്പുഴ വള്ളികുന്നം കടുവിനാൽ വെട്ടത്തേത്ത് വീട്ടിൽ ബാനർജിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.
തുടർന്ന് സെക്കന്ദരാബാദിൽ ട്രെയിനിറങ്ങി ആരുടെയും സഹായമില്ലാതെ സമീപത്തെ സർക്കാർ ഗാന്ധി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിയ ബാനർജിയെ ഐ.സി.സി.യുവിൽ പ്രവേശിപ്പിച്ച ഡോക്ടർമാർ വിദഗ്ധ പരിശോധനകൾക്ക് ശേഷം കടുത്ത ഹൃദ്രോഗമാണെന്നും നാല് ബ്ലോക്കുകൾ ഉണ്ടെന്നും റിപ്പോർട്ട് ചെയ്തു. പിറ്റേന്ന് രാവിലെ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ തീരുമാനിക്കുകയും അതിനാവശ്യമായ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ വ്യാഴാഴ്ച രാവിലെ എത്തിയ ഡോക്ടർ തെലങ്കാനയിൽ ഉള്ളവർക്ക് മാത്രമേ സൗജന്യമായി സ്റ്റെന്റ് അനുവദിച്ച് ആൻജിയോപ്ലാസ്റ്റി നടത്തുകയുള്ളൂവെന്നും അതിനാൽ തുടർ ചികിത്സ അവിടെ സാധ്യമാവില്ലെന്നും ബാനർജിയെഅറിയിച്ചു. തുടർന്ന് ഐ.സി.സി.യൂവിൽ നിന്നും ജനറൽ വാർഡിലേക്ക് ബാനർജിയെമാറ്റുകയും ചെയ്തു.
ഇതോടെ പരിഭ്രാന്തനായ ബാനർജി നാട്ടിലുള്ള കോൺഗ്രസ് പ്രവർത്തകരെ വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാരനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.പി. ശ്രീകുമാർ, ബാനർജിയുടെ അപകടസ്ഥിതി കെ.സി. വേണുഗോപാൽ എം.പിയെ ഫോണിൽ ധരിപ്പിച്ചു. തുടർന്ന് തെലങ്കാന ആരോഗ്യമന്ത്രി സി. ദാമോദർ രാജ നരസിംഹയോട് ബാനർജിക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ കെ.സി. വേണുഗോപാൽ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.