ഓണം വാരാഘോഷ ഭാഗമായി ടൂറിസം വകുപ്പുമായി സഹകരിച്ച് ‘മാധ്യമം’ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഓണം
ആർപ്പോ സംഗീതവിരുന്നിൽ അതിഥികളെ ആദരിച്ചപ്പോൾ. മാധ്യമം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. നൗഫൽ, രാജകുമാരി
ഡയറക്ടർ എം.എസ്.കെ. തങ്ങൾ, കൈരളി ജുവലേഴ്സ് സി.ഇ.ഒ യാസർ ബാജി, ക്ലബ് മാർട്ട്-അജ്വ എം.ഡി. മുജീബ് ഷംസുദ്ദീൻ,
എം. വിൻസെന്‍റ് എം.എൽ.എ, മന്ത്രി പി.സി. വിഷ്ണുനാഥ്, മാധ്യമം ചീഫ് ഡിജിറ്റൽ ഓഫിസർ ഇംതിയാസ്, ബിസിനസ് സൊലൂഷൻസ് ചീഫ് മാനേജർ ബി. ജയപ്രകാശ്, ബിസിനസ് സൊലൂഷൻസ് സീനിയർ മാനേജർ ജെ.എസ്. സാജുദ്ദീൻ എന്നിവർ സമീപം
തിരുവനന്തപുരം: ഈണങ്ങളുടെ ഈറൻനിലാവും മെലഡികളുടെ മാമ്പൂമണവും കൊണ്ട് ഓണനിലാവിന് ആരവമേകി ‘മാധ്യമം ഓണം ആർപ്പോ’. സംസ്ഥാന സർക്കാറിന്‍റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ ‘മാധ്യമം’ അവതരിപ്പിച്ച സംഗീത വിരുന്നാണ് തലസ്ഥാനത്തിന് പുത്തൻ താളലയമേകിയത്. പാട്ടുവഴിയോരത്ത് ഒന്നിച്ചിരിക്കാനും താളങ്ങൾ ഏറ്റുപാടാനും അണമുറിയാത്ത ആവേശത്തിരയായി ജനം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.
മലയാളികൾ എക്കാലവും ഹൃദയത്തോടുചേര്‍ത്ത സുന്ദരഗാനങ്ങളെ തനിമ ചോരാതെയും നിറം മായാതെയും മലയാളത്തിന്‍റെ യുവഗായകർ സദസ്സിലേക്ക് പകരുകയായിരുന്നു. ഗൃഹാതുര ഈണങ്ങളുടെ തൊണ്ണൂറുകളും കോളജ് കാല പാട്ടുകളുടെ പച്ചമരത്തണലും വിസ്മയങ്ങളുടെ തട്ടുപൊളിപ്പൻ ട്രാക്കുകളും സെൻട്രൽ സ്റ്റേഡിയത്തിൽ നിറഞ്ഞുപെയ്തു. ഓണലഹരിയുടെ ആഹ്ലാദം അലതല്ലുന്ന സദസ്സിലേക്ക് ‘ലോക’ സിനിമയിലെ ‘ആലത്തിന് സെന്‍റർ...’, വാഴ രണ്ട് സിനിമയിലെ ‘തൂക്കി ചുവന്ന കരങ്ങളോടെ...’ പാട്ടുകൾ മിക്സ് ചെയ്ത് യുവഗായിക ശ്വേത അശോക് ആണ് ആദ്യമെത്തിയത്. പിന്നാലെ ‘ഒരു രാജമല്ലി...’യുമായി എത്തിയ ലിബിൻ സക്കറിയയുടെ ‘മിത്വ’യിൽ സദസ്സ് നിറഞ്ഞുതുളുമ്പി. കാണികളുടെ മനം കവർന്ന് കുഞ്ഞുമിയ എസ്സ മെഹകും പാട്ടുവഴിയിൽ ഈണം മുറിയാതെ കണ്ണിചേർന്നു. കരഘോഷങ്ങളോടെയാണ് മിയയുടെ പാട്ട് സദസ്സ് ഏറ്റെടുത്തത്. ‘അങ്ങുവാന കോണിലും...’, ‘അപ്പങ്ങളെമ്പാടും...’, ‘എള്ളുള്ളേരി എള്ളുള്ളേരി...’യുമെല്ലാം സദസ്സിൽ നിറഞ്ഞ കൈയ്യടിയും ആരവങ്ങളും സൃഷ്ടിച്ചു. ‘കൈതോല പായ വിരിച്ച്...’ പാടിത്തുടങ്ങിയതോടെ സദസ്സ് ഹൃദയം കൊണ്ട് നാടൻ പാട്ടിന്‍റെ ശീലിൽ ചുവടുവെച്ചു.
അനശ്വര ഗായിക എസ്. ജാനകിക്ക് ആദരവേകിയുള്ള പാട്ടുകൾ സദസ്സിൽ വൈകാരിക ഭാവങ്ങൾ പടർത്തി. വൈറൽ മെലഡികളുടെ വിസ്മയമൂഹൂർത്തങ്ങളിൽ സദസ്സ് പൂത്തുലഞ്ഞു. ഫാസ്റ്റ് നമ്പറുകളിലേക്ക് മാറിയതോടെ സദസ്സ് ഒന്നാകെ ഇളകിമറിഞ്ഞു. സംഗീതനിശക്കിടെ അനുകരണകലയും ഹാസ്യവും സന്നിവേശിപ്പിച്ച് ഡോ. എ.വി. അഖിലയുടെ പ്രകടനവും സദസ്സിനെ കൈയിലെടുത്തു.
മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ് മാർട്ട്-അജ്വ എം.ഡി. മുജീബ് ഷംസുദ്ദീൻ, കൈരളി ജുവലേഴ്സ് സി.ഇ.ഒ യാസർ ബാജി, രാജകുമാരി ഡയറക്ടർ എം.എസ്.കെ. തങ്ങൾ എന്നിവരെ മെമന്‍റോ നൽകി മന്ത്രി ആദരിച്ചു.
എം. വിൻസെന്‍റ് എം.എൽ.എ, മാധ്യമം ചീഫ് ഡിജിറ്റൽ ഓഫിസർ ഇംതിയാസ്, ബിസിനസ് സൊലൂഷൻസ് ചീഫ് മാനേജർ ബി. ജയപ്രകാശ്, ബിസിനസ് സൊലൂഷൻസ് സീനിയർ മാനേജർ ജെ.എസ്. സാജുദ്ദീൻ, തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. നൗഫൽ എന്നിവർ സംബന്ധിച്ചു.
ഓണം ആർപ്പോ സംഗീതവിരുന്നിൽ ലിബിൻ സക്കറിയയും ശ്വേത അശോകും
മിയ എസ്സ മെഹകും ഗാനമാലപിക്കുന്നു
തിരുവനന്തപുരം: മലയാളിയെ അടയാളപ്പെടുത്തുന്ന ആഘോഷമാണ് ഓണമെന്ന് എം. വിൻസെന്‍റ് എം.എൽ.എ. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു.
സംസ്ഥാന സർക്കാറിന്‍റെ ഓണാഘോഷവുമായി സഹകരിച്ച, മലയാളിയുടെ മനസ്സിൽ പതിഞ്ഞ മാധ്യമത്തിന് എല്ലാവിധ നന്ദിയും അറിയിക്കുന്നതായി എം.എൽ.എ പറഞ്ഞു.
ഓണം ആർപ്പോ ആസ്വദിക്കാനെത്തിയ സദസ്സ്
തിരുവനന്തപുരം: മലയാളികളെ ഒരുമിപ്പിക്കുന്ന, ജാതിമത ഭേദമെന്യേ ചേർത്തുനിർത്തുന്ന ആഘോഷമാണ് ഓണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. സംസ്ഥാന സർക്കാറിന്‍റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ മാധ്യമം അവതരിപ്പിച്ച ആർപ്പോ സംഗീത വിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി മാധ്യമം സംസ്ഥാന സർക്കാറിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമാണ്. ഇത്തവണയും ഒരു ദിവസത്തെ ഓണാഘോഷം മാധ്യമം ഒരുക്കുന്നു. മാധ്യമത്തിന് സർക്കാറിന്‍റെയും ടൂറിസം വകുപ്പിന്‍റെയും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരൻമാരുടെ പേരെടുത്തുപറഞ്ഞ് മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.