രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനെ ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ സ്വീകരിക്കുന്നു
കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിന്റെ സ്നേഹോഷ്മള സ്വീകരണം. നാവികസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 8.40 ഓടെയാണ് ഉപരാഷ്ട്രപതി കൊച്ചിയിൽ എത്തിയത്. ഗവർണർ രാജേന്ദ്ര ആർലേകർ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, എം.പിമാരായ ബെന്നി ബഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹഎന്നിവർ ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.
അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ജില്ലാ പൊലീസ് മേധാവി (റൂറൽ) കെ.എസ്. സുദർശൻ, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ ബി.എസ്. അരവിന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒമ്പത് മണിയോടെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ ഉപരാഷ്ട്രപതി ആലപ്പുഴയിലേക്ക് പോയി.
1.30ന് ആറൻമുള ജലോത്സവം ഉദ്ഘാടനം ചെയ്യും. 3.50ന് വിമാന മാർഗം തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി അഞ്ച് മണിക്ക് ഓണം ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. രാത്രി ലോക്ഭവനിൽ തങ്ങും.തിങ്കളാഴ്ച രാവിലെ 10ന് വിമാനമാർഗം ലക്ഷദ്വീപിലെ അഗത്തിയിലെത്തും. 10.30ന് ഫിഷറീസ് മന്ത്രാലയത്തിന്റെ ഔട്റീച്ച് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
1.15ന് വിമാന മാർഗം നെടുമ്പാശ്ശേരിയിലെത്തും. വൈകിട്ട് നാലിന് കാക്കനാട് ആർ.എസ്.ഇ.ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്നോളജിയുടെ സിൽവർ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്ന ഉപരാഷ്ട്രപതി 5.45ന് വിമാന മാർഗം ഡൽഹിയിലേക്ക് മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.