കൊച്ചി: വഴിതടയൽ സമരത്തിനിടെയുണ്ടായ പഴയ പിണക്കങ്ങൾക്കും വാക്‌പോരുകൾക്കും വിട. കൊച്ചി നിയോജകമണ്ഡലം എം.എൽ.എ മുഹമ്മദ് ഷിയാസ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി നടൻ ജോജു ജോർജ് പങ്കെടുത്തു. മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച എക്‌സലൻസ് അവാർഡ് വിതരണ ചടങ്ങിലാണ് ഇരുവരും വീണ്ടും വേദി പങ്കിട്ടത്.
വർഷങ്ങൾക്ക് മുൻപ് ഒരു കോൺഗ്രസ് സമരത്തിനിടെ നടനുമായി ഉണ്ടായ വാക്കുതർക്കം ചടങ്ങിൽ ഷിയാസ് അനുസ്മരിച്ചു. "ഞാനും ജോജുവും തമ്മിൽ ഒരു കടം ഉണ്ടായിരുന്നു. സമരത്തിനിടയിൽ ബഹളമൊക്കെയുണ്ടാക്കി. എന്നാൽ, ഒരു പൗരൻ എന്ന നിലയിൽ ജോജു അദ്ദേഹത്തിന്റേതായ അഭിപ്രായം പങ്കുവെക്കുകയായിരുന്നു. അതിനെ ഉൾക്കൊള്ളുന്നു. ഏറ്റവും സാധാരണക്കാരനായ, സാധാരണ കുടുംബത്തിൽനിന്ന് വന്ന് കേരളം ഇത്രയേറെ ഇഷ്ടപ്പെടുന്ന നടനായി മാറിയ മികച്ച കലാകാരനാണ് അദ്ദേഹം," ഷിയാസ് വേദിയിൽ പറഞ്ഞു. സിനിമാ ഷൂട്ടിങ് തിരക്കുകൾക്കിടയിലും പരിപാടിയിൽ പങ്കെടുക്കാൻ ജോജു എത്തിയതിലെ വലിയ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
2021-ൽ പെട്രോൾ- ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെയായിരുന്നു ഷിയാസും ജോജുവും തമ്മിൽ വലിയ വാക്കുതർക്കമുണ്ടായത്. സമരം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ജോജു പ്രതിഷേധിക്കുകയും കോൺഗ്രസ് പ്രവർത്തകരുമായി വാഗ്വാദത്തിൽ ഏർപ്പെടുകയുമായിരുന്നു. അന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റായിരുന്ന ഷിയാസ് ജോജുവിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ജോജു മദ്യലഹരിയിലാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും അന്ന് ആരോപണമുയർന്നു.
എന്നാൽ ഈ സംഭവത്തിന് ശേഷം അടുത്തിടെ ഇരുവരും ദുബൈയിൽ വെച്ച് കണ്ടുമുട്ടുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഷിയാസിന്റെ ക്ഷണപ്രകാരം എം.എൽ.എയുടെ വേദിയിൽ വിദ്യാർഥികളെ ആദരിക്കാൻ ജോജു മുഖ്യാതിഥിയായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.