കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. വേടനെതിരായി ചുമത്തിയ കുറ്റകൃത്യം പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് പെരുമ്പാവർ കോടതിയുടെ നിരീക്ഷണം പുറത്ത് വന്നതാണ് വകുപ്പിന് കനത്ത തിരിച്ചടിയായത്. കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം.
പുലിപ്പല്ലാണോയെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വേടൻ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. വേടനെ അറസ്റ്റ് ചെയ്തതതിലും ജാമ്യം കൊടുത്തതിലുമൊന്നും ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ല. കഞ്ചാവ് പിടിച്ചതിന് വേടന് പൊലീസിന് അവിടെ തന്നെ ജാമ്യം നൽകാമായിരുന്നു. എന്നാൽ, ഇതിന് പകരം പുലിപ്പല്ല് ധരിച്ചുവെന്ന് ആരോപിച്ച് വേടനെതിരെ വനംവകുപ്പ് കേസെടുത്തത് ഗൗരവമായി പരിശോധക്കപ്പെടേണ്ട കാര്യമാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
സുഹൃത്താണ് പുലിപ്പല്ല് നൽകിയതെന്ന് വേടൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് ധരിക്കുമ്പോൾ ഇത്തരത്തിൽ പ്രശ്നമുണ്ടാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്നം അവിടെ തന്നെ തീരേണ്ടതായിരുന്നു. അതിന് പകരം ഭീകരകുറ്റകൃത്യം ചെയ്തയാളെന്ന നിലയിൽ വേടനെ കൊണ്ടു പോയത് തെറ്റാണെന്ന വനംമന്ത്രിയുടെ നിലപാട് ശരിയാണെന്നും എം.വി ഗോവിന്ദൻ. പറഞ്ഞു.
പാവപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയായി രാജ്യം മുഴുവൻ അംഗീകരിക്കുന്ന കലാകാരനാണ് വേടൻ. ആ തരത്തിൽ വേടനെ അംഗീകരിക്കണം. എന്നാൽ, വേടന്റെ ലഹരി ഉപയോഗത്തെ അംഗീകരിക്കാനാവില്ല. എന്നാൽ, ലഹരി ഉപയോഗത്തിൽ തിരുത്തൽ വരുത്തിയെന്ന് വേടൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.