കോഴിക്കോട് നഗരസഭയുടെ ഗുരുതര വീഴ്ച: ജീവനക്കാർക്ക് നഷ്ടപ്പെട്ടത് 3.71 കോടി

കോഴിക്കോട്: നഗരസഭയുടെ ഗുരുതര വീഴ്ച കാരണം കൺടിൻജൻറ് ജീവനക്കാർക്ക് നഷ്ടപ്പെട്ട ലാഭവിഹിതം 3.71 കോടി രൂപയെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോർട്ട്. കോഴിക്കോട് നഗരസഭയിലെ കൺടിൻജൻറ് ജീവനക്കാരിൽ നിന്നും 2017-മാർച്ച് മുതൽ 2021 ജനുവരി വരെ പിരിച്ചെടുത്ത തുകയും നഗരസഭ വിഹിതവും ചേർന്ന 5.04 കോടി നഗരകാര്യ ഡയറക്‌ടറുടെ നാഷണൽ പെൻഷൻ സ്‌കീം (എൻ.പി.എസ്) ഫണ്ടിൽ അടത്താത്തതിലാണ് ജീവനക്കാർക്ക് ഈ തുക നഷ്ടപ്പെട്ടതെന്ന് പരിശോധനയിൽ കണ്ടെത്തി.

2013 ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ സർക്കാർ സർവീസിൽ പ്രവേശിക്കുന്ന എല്ലാ ജീവനക്കാർക്കും സംസ്ഥാന സർക്കാരിന്റെ എൻ.പി.എസ് സ്‌കീം ബാധകമാണ്. തദ്ദേശ വകുപ്പിൽ എൻ.പി.എസ് നടപ്പിലാക്കുന്നതിനു വേണ്ട നിർദേശങ്ങൾ 2014 ഏപ്രിൽ 29ന് നൽകിയിരുന്നു. തദ്ദേശ സ്ഥാപനത്തിൽ നിയമനം ലഭിക്കുന്ന വ്യക്തികൾക്ക് സ്ഥാപന എന്ന അപ്ലിക്കേഷൻ വഴി പി.ആർ.എ.എൻ (പെർമനൻ്റ് റിട്ടയർമെൻ്റ് അക്കൗണ്ട് നമ്പർ) നമ്പർ ജനറേറ്റ് ചെയ്യണം. ഓരോ ജീവനക്കാരിൽ നിന്നും അടിസ്ഥാനശമ്പളവും, ക്ഷാമ ബത്തയും ചേർത്ത തുകയുടെ 10 ശതമാനം ആകെ ശമ്പളത്തിൽ നിന്നും കുറവു ചെയ്‌തു തത്തുല്യമായ നഗരസഭാ വിഹിതവും ചേർത്ത് അടുത്ത മാസം 10 ന് മുമ്പായി സ്ഥാപന അപ്ലിക്കേഷൻ വഴി നഗരകാര്യ ഡയറക്ട‌റുടെ എൻ.പി.എസ് അക്കൗണ്ടിലേക്ക് അടക്കണമെന്നാണ് വ്യവസ്ഥ.

നഗരസഭയിലെ 367 കൺടിജൻറ് ജീവനക്കാരിൽ 200 പേർ 2016 ജൂലൈയിലും 100 പേർ 2018 സെപ്റ്റംബറിലും 67 പേർ 2021 ജനുവരിക്ക് ശേഷവുമാണ് നഗരസഭയിൽ ജോലിയിൽ പ്രവേശിച്ചത്. 2016 ജൂലൈയിൽ നിയമനം ലഭിച്ച 200 പേരുടെ ശമ്പളത്തിൽ മാർച്ച് 2017 മുതൽ ജനുവരി-2021 വരെ ശമ്പളത്തിൽ നിന്നും കുറവു ചെയ്‌ത 1.94 കോടിയും നഗരസഭാ വിഹിതമായി 1.94 കോടിയും ചേർന്ന 3.88 കോടിയും, 2018 സെപ്റ്റം ബറിൽ ജോലിയിൽ പ്രവേശിച്ച 100 കൺടിൻജൻറ് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 2018 സെപ്തംബർ മുതൽ 2021 ജനുവരി വരെ കുറവു ചെയ്‌ത 58 ലക്ഷവും നഗരസഭ വിഹിതമായ 58 ലക്ഷവും ചേർന്ന 1.16 കോടിയും ചേർത്ത് 5.04 കോടി നഗരകാര്യ ഡയറക്‌ടറുടെ എൻ.പി.എസ് അക്കൗണ്ടിൽ ഇതുവരെയും അടക്കാനിയിട്ടില്ല.

നഗരകാര്യ ഡയറക്ട‌റുടെ സർക്കുലർ പ്രകാരം എൻ.പി.എസ് ബാധകമായ ജീവനക്കാരുടെ തുക അടക്കുന്നതിൽ നഗരസഭ വീഴ്‌ച വരുത്തി. അതിൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾ ബന്ധപ്പെട്ട വകുപ്പിന്റെ പൂർണ ഉത്തരവാദിത്തമാണെന്നും ഡയറക്ടർ അറിയിച്ചു. കൺടിജന്റ് ജീവനക്കാരുടെ മാർച്ച് 2017 മുതൽ ജനുവരി വരെയുള്ള കാലയളവിലെ എൻ.പി.എസ് വിഹിതവും നഗരസഭാ വിഹിതവും ചേർന്നുള്ള 5.04 കോടി രൂപ മിസിങ് ആയിട്ടാണ് കണക്കു പുസ്തകത്തിലുള്ളത്.

തനതു ഫണ്ടിൽ മതിയായ തുകയുയുണ്ടായിരുന്നിട്ടും ജീവനക്കാരുടെ എൻ.പി.എസ് വിഹിതം അതാതു മാസങ്ങളിൽ അടക്കാഞ്ഞത് നഗരസഭയുടെ ഭാഗത്തുനിന്നുള്ള ഗുരുതര പിഴവാണെന്ന് പരിശോധനയിൽ വ്യക്തമായി. തുക അടക്കുന്നത് നാലു വർഷത്തോളം വൈകിയതിനാൽ ആ കാലയളവിൽ കൃത്യമായി അടച്ചിരുന്നുവെങ്കിൽ ആ തുകയിൽ ജീവനക്കാർക്ക് ലഭിക്കുമായിരുന്ന ലാഭവിഹിതമായ 3.71 കോടി ജീവനക്കാർക്ക് നഷ്ടപ്പെട്ടു.

നഗരസഭയുടെ മറുപടിയിൽ 14 പേരുടെ കുടിശ്ശിക അടച്ചിട്ടുണ്ടെന്നും ബാക്കിയുള്ള 286 പേരുടെ കുടിശ്ശിക അടക്കാൻ നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി. ഈ മറുപടി സ്വീകാര്യമല്ലെന്നാണ് എ.ജിയുടെ നിലപാട്. കാരണം 11 പേരുടെ കുടിശ്ശിക അടവാക്കിയത് 2023 ജൂൺ മാസത്തിലാണ്. അതിനാൽ തന്നെ 2017-18 മുതൽ അടവാക്കാതിരുന്ന തുകയുടെ ലാഭവിഹിതം 300 പേർക്കും നഷ്ടപ്പെടുക തന്നെ ചെയ്യും. മറുപടിയിൽ നഗരസഭ വ്യക്തമാക്കിയ മറ്റൊരു കാര്യം സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് അടക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടത് എന്നാണ്.

ഈ മറുപടിയും അംഗീകരിക്കാനാവില്ലെന്ന് എ.ജി വ്യക്തമാക്കി. കാരണം നഗരസഭയുടെ 2017-18 മുതൽ 2021 12 വരെയുള്ള വർഷങ്ങളിലെ റസീപ്ററ് ആൻഡ് പേയ്മന്റെ് അക്കൗണ്ട് പ്രകാരം ഓരോ വർഷങ്ങളിലെയും ക്ലോസിങ് ബാലൻസ് വലിയ തുകയുണ്ട്. 2017-18 ൽ 46.8 കോടി, 2018-19 ൽ 47.45, 2019-20 ൽ 68, 2020- 21ൽ 96 കോടി രൂപ ബാലൻസ് ഉണ്ടായിട്ടും കേർപറേഷൻ തുക അടച്ചില്ല. ഈ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സ്വീകരിച്ച് അനന്തര നടപടി അറിയക്കണെന്നും എ.ജി റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.  

Tags:    
News Summary - Serious failure of Kozhikode Corporation: Employees lost 3.71 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.