അതിജീവിതക്ക് സൈബർ അധിക്ഷേപം: രാഹുൽ ഈശ്വർ റിമാൻഡിലായതിന് പിന്നാലെ മുൻകൂർ ജാമ്യംതേടി സന്ദീപ് വാര്യർ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതക്കു നേരെയുള്ള സൈബർ അധിക്ഷേപ കേസിൽ മുൻകൂർ ജാമ്യപേക്ഷ നൽകി കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. കേസില്‍ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വർ അറസ്റ്റിലായി കോടതി ജാമ്യാപേക്ഷ തള്ളി റിമാൻഡിലാകുകയും ചെയ്തതിനു പിന്നാലെയാണ് നാലാം പ്രതിയായ സന്ദീപ് വാര്യർ തിങ്കളാഴ്ച തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അനുയായികളും കോൺഗ്രസ് അനുകൂല ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങളും നടത്തിയ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ ചേർത്താണ് അതിജീവിത പരാതി നൽകിയത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിലെ ഒരു വർഷം മുമ്പുള്ള ചിത്രം പ്രചരിപ്പിച്ചായിരുന്നു കൂടുതലും അധിക്ഷേപം. തുടർന്ന് സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിച്ചിരുന്നു.

പത്തനംതിട്ട മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട് ഉടമ) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേര്‍ത്താണ് സിറ്റി സൈബർ പൊലീസ് കേസെടുത്തത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തി. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

രാഹുല്‍ ഈശ്വർ സമര്‍പ്പിച്ച ജാമ്യഹരജി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. ഡിസംബര്‍ 15 വരെയാണ് റിമാന്‍ഡ്. അറസ്റ്റ് നിയമപരമല്ലെന്നും പിടികൂടിക്കഴിഞ്ഞാണ് നോട്ടിസ് നല്‍കിയതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു. എന്നാല്‍, നോട്ടിസ് കൈപ്പറ്റിയില്ലെന്നും അതിജീവിതയെ മോശമാക്കുന്ന രീതിയില്‍ രാഹുല്‍ പ്രവര്‍ത്തിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പരാതിക്കാരിയുടെ ചിത്രം രാഹുലിന്‍റെ ലാപ്‌ടോപ്പിലുണ്ടെന്നും രാഹുലിന്‍റ വിഡിയോ യുവതിയെ അപമാനിക്കുംവിധമാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. രാഹുല്‍ സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആളാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ബോധിപ്പിച്ചു. രാഹുൽ ഈശ്വർ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകള്‍ പരിശോധിച്ചശേഷമാണ് കോടതി റിമാന്‍ഡിന് ഉത്തരവിട്ടത്. രാഹുലിനെ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റി. ജയിലില്‍ നിരാഹാരമിരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയത് ചുവന്ന കാറിൽ?; ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ

പാലക്കാട്: പീഡനക്കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട്ടുനിന്ന് മുങ്ങിയത് ചുവന്ന കാറിലെന്ന് അഭ്യൂഹം. കാർ ഒരു സിനിമാതാരത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചെന്നതിനു പിന്നാലെയാണ് വാർത്തകൾ പരന്നത്.

പാലക്കാട് കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിൽനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഒരു മാസത്തെ ദൃശ്യങ്ങൾ എസ്.ഐ.ടി സംഘം കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. ഇതിൽ രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡി.വി.ആറിൽനിന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നത്. അപ്പാർട്മെന്‍റ് കെയർടേക്കറെ സ്വാധീനിച്ച് ഡിലീറ്റ് ചെയ്തെന്നാണ് സംശയം. പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

മലമ്പുഴയിലെ റിസോർട്ടിൽ രാഹുൽ താമസിച്ചെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കോയമ്പത്തൂരിലേക്ക് കടന്നതായാണ് സൂചന. കോയമ്പത്തൂരിലും ബംഗളൂരുവിലും പൊലീസ് പരിശോധന നടത്തുമെന്നാണ് വിവരം. അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസിനു കീഴിൽ പ്രത്യേക സംഘമുണ്ട്. ഇതിനു പുറമേ ഓരോ ജില്ലകളിലും ഓരോ സംഘങ്ങളെയും ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയെന്ന പ്രചാരണം പൊലീസ് തള്ളി.

Tags:    
News Summary - Sandeep Warrier seeks anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.