ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും; ‘തൂഫാൻ വാരിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടി’ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിന്തുണ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ‘തൂഫാൻ വാരിയർ’ ബാഡ്ജ് സമ്മാനിച്ചു.

‘ഓപറേഷൻ തൂഫാൻ’ ജനകീയ മുന്നേറ്റമാക്കി മാറ്റാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിവിരുദ്ധ പോരാട്ടത്തിന് സമസ്തയുടെ പൂർണ പിന്തുണയുണ്ടെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.

ദിവസങ്ങൾക്ക് മുമ്പ് ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ടി’ ന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും എത്തിയിരുന്നു. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന നടപടികൾക്ക് പിന്തുണ അറിയിച്ച അദ്ദേഹം, സമൂഹത്തിന്റെ എല്ലാ മേഖലകളെയും പങ്കാളികളാക്കുന്ന ജനകീയ മുന്നേറ്റമെന്നാണ് ഓപ്പറേഷൻ തൂഫാനെ പ്രിയതാരം വിശേഷിപ്പിച്ചത്.

ഓപ്പറേഷൻ തൂഫാൻ താൽക്കാലിക നടപടിയല്ലെന്നും ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ കൂടുതൽ ശക്തമായും വ്യാപകമായും ദൗത്യം മുന്നോട്ടുകൊണ്ടുപോകുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണവും നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തും. പൊതുജന പങ്കാളിത്തത്തോടെ എല്ലാ മേഖലകളിലും ‘തൂഫാൻ വാരിയേഴ്സ്’ രൂപവത്കരിക്കും.

ലഹരിക്കടത്ത് തടയുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ഏകോപിത സംവിധാനവും ദേശീയ ഏജൻസികളുടെ സഹകരണവും ഉറപ്പുവരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കര, നാവിക, വ്യോമസേനകൾ, കോസ്റ്റ് ഗാർഡ്, വിമാനത്താവള-തുറമുഖ അധികാരികൾ എന്നിവരുമായി സഹകരിച്ചുള്ള ശക്തമായ പ്രതിരോധ ശൃംഖല സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Samastha joins anti-drug fight; Jifri Muthukoya Thangal named 'Thoofan Warrior' for Operation Thoofan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.