തൃശൂർ: മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുണ്ടായെന്ന് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വിശദ അന്വേഷണത്തിന് അനുമതി തേടി ധനവകുപ്പിന് റിപ്പോര്‍ട്ട് നല്കി.
വാഹനാപകടങ്ങൾ പെരുകിയ സാഹചര്യത്തിലാണ് റോഡ് സുരക്ഷ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പ് പദ്ധതികൾ നടപ്പാക്കിയത്. ശബരിമല സേഫ് സോണ്‍, സേഫ് കേരള എന്നീ പദ്ധതികളുടെ മറവില്‍ വൻകൊള്ള നടന്നെന്നാണ് വിജിലന്‍സിന്റെ ത്വരിത പരിശോധയിലെ കണ്ടെത്തല്‍. ബില്ലുകളും വൗച്ചറുകളുമില്ലാതെ പത്ത് കൊല്ലത്തിനിടെ വന്‍തുക എഴുതിയെടുത്തു. റോഡ് സുരക്ഷ വാരാഘോഷ ഫണ്ട് അനുവദിച്ചതിലും വിനിയോഗിച്ചതിലും ക്രമക്കേടുണ്ട്. ധനവകുപ്പിന്റെ നിർദേശം കിട്ടിയാല്‍ കേസെടുത്ത് അന്വേഷിക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സേഫ് കേരളയുടെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് വിഭാഗം 2018ലാണ് രൂപവത്കരിച്ചത്. സ്റ്റേറ്റ് കണ്ട്രോള് റൂമും ജില്ലതല കണ്ട്രോള് റൂമുകളും സജ്ജമാക്കാന്‍ 166 കോടി രൂപ ചെലവായെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വാടകയിനത്തില്‍ 60 ലക്ഷവും നല്കി. ഉദ്യോഗസ്ഥ വിന്യാസത്തിനും കാമറയടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനും വേറെയും പണം വാങ്ങി. റോഡ് സുരക്ഷ ദശാബ്ദത്തിനായി 2011 മുതല്‍ 2020 വരെ 15 കോടി ചെലവിട്ടു. വിദ്യാർഥികൾക്ക് പരിശീലനം നൽകിയെന്ന് കാണിച്ചും തുക ചെലവഴിച്ചതായി കാണിച്ചിട്ടുണ്ട്.
മണ്ണുത്തി-മഞ്ചേശ്വരം പദ്ധതിയിൽ നിരീക്ഷണ കാമറ സ്ഥാപിക്കാൻ 16.97 കോടിയും ചേർത്തല-മണ്ണുത്തി പദ്ധതിയിൽ 7.63 കോടിയും വാളയാർ-വടക്കഞ്ചേരി പദ്ധതിയിൽ 6.19 കോടിയും ചെലവഴിച്ചതിന്റെയും കണക്ക് കാണിച്ചിട്ടുണ്ട്. മണ്ഡലകാലത്തെ സുരക്ഷ ഉറപ്പാക്കാനുള്ള ശബരിമല സേഫ് സോണ്‍ പദ്ധതിക്കായി 2011 മുതല്‍ 2021 വരെ നാല് കോടിയിലേറെ ചെലവാക്കി. 2011-12 കാലത്ത് 6.30 ലക്ഷം ചെലവിട്ടപ്പോൾ 2012-13ൽ ഇത് ഇരട്ടിയായി 12.79 ലക്ഷവും 2013-14ൽ 20.12 ലക്ഷവും 2018-19ൽ 66.01 ലക്ഷവും ചെലവിട്ടുവെന്നാണ് രേഖകളിലുള്ളത്. ആരൊക്കെ, എത്ര പണം മുക്കിയെന്നത് തുടരന്വേഷണത്തിലൂടെയേ വ്യക്തമാകൂവെന്നാണ് വിജിലൻസ് വിഭാഗം വ്യക്തമാക്കുന്നത്. ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ തുടർ നടപടികളിലേക്ക് ഇവർക്ക് കടക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.