തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള വഴി പങ്കജ് ഭണ്ഡാരിയും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതെ തുടർന്നാണ് പങ്കജിനെ അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ടുതവണ എസ്.ഐ.ടി പങ്കജിനെ ചോദ്യം ചെയ്തിരുന്നു. പോറ്റിയെ അറസ്റ്റുചെയ്യുന്നതിന് തൊട്ടുമുമ്പാണ് ആദ്യം ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പിന്നീട്, ഒരാഴ്ച മുമ്പാണ് കേരളത്തിലേക്ക് വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ഒഫീസിൽവെച്ച് രണ്ടാമതും ചോദ്യം ചെയ്തത്. വെള്ളിയാഴ്ച അന്വേഷണ സംഘം വീണ്ടും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്. ശില്പങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനുമാണ്. സ്വര്‍ണം വേര്‍തിരിക്കാന്‍ വൈദഗ്ധ്യം ഇല്ലാത്തതിനാല്‍ മഹാരാഷ്ട്രയില്‍നിന്ന് വിദഗ്ധനെ കൊണ്ടുവന്ന് രാസലായനി ഉപയോഗിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചതെന്നും പങ്കജ് ഭണ്ഡാരി എസ്.ഐ.ടിയോട് സമ്മതിച്ചിരുന്നു.
സ്വർണപ്പാളികളല്ല, ചെമ്പുപൂശിയ പാളികളാണ് തന്‍റെ സ്ഥാപനത്തിൽ എത്തിച്ചതെന്നായിരുന്നു ആദ്യം ഇയാൾ നൽകിയ മൊഴി. സ്വർണം പൂശിയ പാളികൾ താൻ ഏറ്റെടുക്കുകയോ സ്വർണം പൂശുകയോ ചെയ്യില്ല എന്നും ഇയാൾ പറഞ്ഞു. ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുക്കാൻ തയാറായില്ല. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഇരുവരുടെയും പങ്കാളിത്തം വ്യക്തമാവുകയും അറസ്റ്റിലേക്ക് നീളുകയും ചെയ്തത്. ദ്വാരപാലക ശിൽപങ്ങളിൽനിന്ന് വേർതിരിച്ചെടുത്ത സ്വർണം എവിടെയാണെന്ന് കണ്ടെത്തുന്നതിന് സഹായകമാകുന്ന പ്രധാനപ്പെട്ട അറസ്റ്റാണ് ഇപ്പോൾ നടന്നതെന്നാണ് വിലയിരുത്തൽ. ഇരുവരെയും ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.