തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി സ്വർണം സംഭാവനചെയ്ത സിനിമാപ്രവർത്തകരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. സംവിധായകരായ ഷാജി കൈലാസ്, രഞ്ജിപണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവരാണ് മൊഴി നൽകിയത്. സ്വര്‍ണം സംഭാവന നൽകിയതിൽ മൊഴി നൽകാൻ തയാറാണെന്ന് നടൻ മോഹൻലാലും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും വിജിലന്‍സിനെ അറിയിച്ചു.
കൊടിമര പുനഃപ്രതിഷ്ഠക്കായി സ്വർണം സംഭാവന നൽകിയെന്ന് സിനിമാപ്രവർത്തകർ മൊഴി നൽകി. നാണയങ്ങളായാണ് സ്വർണം നൽകിയത്. ചിലർ സ്വർണത്തിന്‍റെ അളവ് പറഞ്ഞെങ്കിലും ചിലർ തൂക്കം കൃത്യമായി ഓർക്കുന്നില്ലെന്ന് മൊഴി നൽകിയെന്നാണ് വിവരം. അടുത്ത ആഴ്ച മോഹൻലാലിന്‍റെയും സുരേഷ് ഗോപിയുടേയും മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. ദേവസ്വം ബോർഡിന്‍റെ രേഖകളിലുള്ള 27 പേരെ കൂടാതെ മറ്റാരെങ്കിലും സ്വർണം സംഭാവന നൽകിയിട്ടുണ്ടോയെന്ന അന്വേഷണവും വിജിലൻസ് ആരംഭിച്ചിട്ടുണ്ട്. അതിനായി സ്വർണം സംഭാവന നൽകിയവർ അറിയിക്കണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങളിൽ പരസ്യം നൽകാനും വിജിലൻസ് ഉദ്ദേശിക്കുന്നതായാണ് വിവരം. ഇത്തരത്തിൽ തെളിവുകളുമായി വരുന്നവരുടെ സ്വർണത്തിന്‍റെ അളവു കൂടി കണക്കാക്കിയാൽ യഥാർഥത്തിൽ എത്ര സ്വർണം ലഭിച്ചെന്ന് ഉറപ്പിക്കാനാകുമെന്നാണ് വിജിലൻസിന്‍റെ പ്രതീക്ഷ. പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി പ്രത്യേക സംഘം രൂപവൽകരിച്ചാണ് വിജിലൻസ് അന്വേഷണം. കൊടിമര പുനർനിർമ്മാണത്തിനായി 9573.01 ഗ്രാം സ്വർണമാണ് ലഭിച്ചതെന്നാണ് കണക്ക്. ഇതിൽ 9340.200 സ്വർണം കൊടിമരത്തിൽ പൂശിയശേഷം ബാക്കി വന്ന സ്വർണം എന്തുചെയ്തെന്ന കാര്യത്തിൽ വ്യക്തവരുത്താൻ അന്വേഷണം വേണമെന്നായിരുന്നു ദേവസ്വം വിജിലൻസ് എസ്.പി സുനിലിന്‍റെ റിപ്പോർട്ട്. സമാന കണ്ടെത്തലുള്ള റിപ്പോർട്ടാണ് എസ്.ഐ.ടിയും നൽകിയത്.
ബാക്കി വന്ന സ്വർണം താഴികകുടത്തിൽ സ്വർണം പൂശാൻ ഉപയോഗിച്ചെന്നാണ് അഭിഭാഷക കമീഷൻ ഹൈകോടതിയെ അറിയിച്ചിട്ടുളളത്. എന്നാൽ ദേവസ്വം വിജിലൻസിന്‍റെ റിപ്പോർട്ടിലാണ് ഇതേ കമീഷന്‍റേതുൾപ്പെടെയുള്ള നടപടികള്‍ പരിശോധിക്കാൻ ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ശബരിമലയിൽ കൊടിമര പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിച്ച അഭിഭാഷക കമീഷൻ എ.എസ്.പി.കുറുപ്പ് ചട്ടം ലംഘിച്ച് സ്വർണം സംഭാവനയായി വാങ്ങിയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. സ്വർണം സംഭാവനയായി നൽകിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.