തിരുവനന്തപുരം: മീസില്‍സ്-റുബെല്ല പ്രതിരോധ വാക്സിന് യജ്ഞത്തിെൻറ തീയതി മൂന്നാം തവണയും നീട്ടി. മലപ്പുറം, കോഴിക്കോട് അടക്കം 10 ജില്ലകളിലാണ് ഡിസംബര്‍ ഒന്നുവരെ നീട്ടിയത്. 95 ശതമാനത്തിനു താഴെ വാക്സിനേഷൻ നടന്നിട്ടുള്ള ജില്ലകളിലാണ് തീയതി വീണ്ടും നീട്ടിയത്. നേരത്തേ നവംബര്‍ മൂന്നിന് അവസാനിക്കേണ്ടിയിരുന്ന വാക്സിന് യജ്ഞം വടക്കന്‍ ജില്ലകളുടെ മോശം പ്രകടനം കണക്കിലെടുത്ത് നേരത്തേ രണ്ടു തവണ നീട്ടിയിരുന്നു.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് പ്രതീക്ഷിച്ച നേട്ടം ഉണ്ടായത്. ഈ ജില്ലകളില്‍ 96 ശതമാനത്തിലധികം നേട്ടം കൈവരിച്ചു കഴിഞ്ഞു. 97.61 ശതമാനവുമായി ആലപ്പുഴ ജില്ലയാണ് മുന്നില്‍. 97.52 ശതമാനവുമായി പത്തനംതിട്ട ജില്ല രണ്ടാം സ്ഥാനത്തുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 95 ശതമാനത്തില്‍ താഴെയാണ് വാക്സിനേഷന്. വ്യാജ പ്രചാരണങ്ങള്‍ കാരണം ഈ ജില്ലകളില്‍ കാമ്പയിന് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
മലപ്പുറം ജില്ലയാണ് ഏറ്റവും പിന്നില്‍. പല തരത്തിെല ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും 61.54 ശതമാനത്തിലെത്താനേ ആയിട്ടുള്ളൂ. കോഴിക്കോട് ജില്ലയും പിന്നിലാണ്-77.16 ശതമാനം. സംസ്ഥാനത്താകെ ലക്ഷ്യമിട്ട 76 ലക്ഷം കുട്ടികളില്‍ 61 ലക്ഷം കുട്ടികള്‍ക്ക് ഇതുവരെ വാക്സിന് നല്കി. അതായത് 83 ശതമാനം. 76 ലക്ഷം കുട്ടികള്‍ക്ക് മീസില്‍സ്-റുബെല്ല പ്രതിരോധ വാക്സിന് നല്കാന് ലക്ഷ്യമിട്ട് ഒക്ടോബര്‍ ഒന്നിനാണ് യജ്ഞം തുടങ്ങിയത്.
ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ച പുരോഗതി കാണാത്തതിനെത്തുടര്‍ന്ന് തീയതി നവംബര്‍ ഒന്ന് എന്നത് 18 വരെ ആക്കി നീട്ടി. അതിലും വടക്കന്‍ ജില്ലകള്‍ അത്രകണ്ട് സഹകരിക്കാതെ വന്നതോടെ 25 വരെ ആക്കി രണ്ടാമതും നീട്ടി. അതിനുശേഷമാണിപ്പോള്‍ ഡിസംബര്‍ ഒന്നുവരെ നീട്ടാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സ്കൂളുകളില്‍ കുട്ടികള്‍ക്ക് വാക്സിന് നൽകാന് കഴിയാത്തവര്‍ക്ക് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ബുധനാഴ്ചകളില്‍ സൗകര്യമുണ്ടാകും. അതേസമയം, പല ജില്ലകളിലും വാക്സിനെതിരെയുള്ള നീക്കം ശക്തമായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ല മെഡിക്കല്‍ സംഘങ്ങളും നടപടി ആവശ്യപ്പെട്ട് പൊലീസിന് കത്ത് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.