കോഴിക്കോട്: രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ സമരത്തിനു നേരെ നിഷ്ഠൂരമായ അടിച്ചമർത്തൽ രീതി പ്രയോഗിക്കണമായിരുന്നു എന്ന വാദവുമായി ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ്. തനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ ഏർപ്പെടുത്തി സമരക്കാരെ വെടിവെച്ചുകൊല്ലുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം. 'പത്രിക' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി.ജി. മോഹൻദാസിന്‍റെ ഈ പ്രകോപനപരമായ പ്രസ്താവന.
'എനിക്ക് ഈ സിറ്റുവേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേർ മരിക്കും, കുറേപ്പേർ മരിക്കില്ല... കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും... ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും' - ടി.ജി. മോഹൻദാസ് പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കും വിദ്യാർഥികളുടെ മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുന്നതിനും വഴിവെച്ച 35 ദിവസം നീണ്ട സി.ജെ.പി ജന്തർ മന്തർ സമരത്തെ പശ്ചാത്തലമാക്കിയാണ് മോഹൻദാസിന്റെ ഭീഷണി പ്രസംഗം. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കെതിരെ തീവ്ര നിലപാട് പരസ്യമായി പ്രഖ്യാപിച്ച ആർ.എസ്.എസ് നേതാവിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.