വി.ഡി. സവർക്കർ
സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; രണ്ട് അധ്യാപകര്‍ക്ക് കൂടി നോട്ടീസ് അയച്ച് വിദ്യാഭ്യാസ വകുപ്പ്
കാസര്‍കോട്: സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള ക്വിസ് മത്സരത്തിനുവേണ്ടി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി തയാറാക്കിയ വിവാദ സംഭവത്തിൽ തുടര്‍നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി രണ്ട് അധ്യാപകര്‍ക്ക് കൂടി വകുപ്പ് നോട്ടീസ് അയച്ചു. ചോദ്യാവലി തയാറാക്കുന്നതിൽ പങ്കുവഹിച്ച കുമ്പള ഉപ ജില്ലയിലെ രണ്ട് അധ്യാപകര്‍ക്കാണ് നോട്ടീസ് അയച്ചത്. സംഭവത്തില്‍ എ.ഇ.ഒമാര്‍ക്കും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ച്ചക്കകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കും.
ചോദ്യാവലി ഒരുക്കാൻ നേതൃത്വം നല്‍കിയ ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി നേരത്തേ സ്റ്റേ ചെയ്തിരുന്നു. അധ്യാപകനെതിരെ അച്ചടക്ക നടപടി എടുക്കുന്നത് സ്‌കൂളിന് തുടരാമെന്ന വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിറക്കിയിരുന്നത്. തുടർന്ന്, കേസ് വിശദമായ വാദത്തിനായി സെപ്റ്റംബർ 18ലേക്കും മാറ്റിയിരുന്നു.
ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പര്‍ വിദ്യാഭ്യാസ വകുപ്പിലെ എ.ഇ.ഒയ്ക്ക് ഓഗസ്റ്റ് ഒന്നിന് തന്നെ അയച്ചു കൊടുത്തിരുന്നെന്നും എന്നാല്‍ തനിക്കെതിരെ മാത്രമാണ് നടപടി ഉണ്ടായതെന്നും അധ്യാപകന്‍ കോടതിയില്‍ പറഞ്ഞത്. എന്നാൽ, നൽകിയ ഉത്തരം സമൂഹത്തിലെ ഒരു വിഭാഗത്തിന് അംഗീകരിക്കാൻ കഴിയാത്തതാണെന്നും ചരിത്രപരമായ വസ്‌തുതകളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് ചോദ്യം തയാറാക്കിയതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. തുടർന്ന് വാദങ്ങൾ കേട്ട കോടതി, പ്രാഥമികമായി സസ്പെൻഷൻ ഉത്തരവിന് ഒരു മാസത്തെ സ്റ്റേ അനുവദിക്കുകയും സർക്കാറിന്റെ വിശദീകരണത്തിനായി കേസ് മാറ്റിവെക്കുകയുമായിരുന്നു.
കാസർഗോഡ് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകൾക്കായി സംഘടിപ്പിച്ച 'സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസ് 2026' മത്സരത്തിലെ ചോദ്യാവലിയാണ് വിവാദമായിരുന്നത്. "ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?" എന്ന ചോദ്യത്തിന് ഉത്തരസൂചികയായി നൽകിയിരുന്നത് വി.ഡി. സവർക്കറുടെ പേരായിരുന്നു. ഇത് ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് രാഷ്ട്രീയ-വിദ്യാഭ്യാസ തലങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.