കേരളത്തിൽ ആയുർവേദ ചികിത്സക്കെത്തിയ ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാണിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ തന്റെ സുഖചികിത്സക്കായി കേരളം തെരഞ്ഞെടുത്തതിൽ സന്തോഷം അറിയിച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹത്തിന് സമ്പൂർണ്ണ ആരോഗ്യവും വേഗത്തിലുള്ള രോഗമുക്തിയും ആശംസിച്ചുകൊണ്ട് മുഖ്യമന്ത്രി എക്സിലൂടെയാണ് തന്റെ നന്ദി അറിയിച്ചത്. പവൻ കല്യാണിന്റെ ഔദ്യോഗിക കുറിപ്പിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഈ സ്നേഹപൂർണ്ണമായ പ്രതികരണം വന്നത്.

കേരളത്തിലെ ജനങ്ങളുടെ സ്നേഹവും ഇവിടുത്തെ പ്രശസ്തമായ പുരാതന ക്ഷേത്രങ്ങളിലെ ദർശനവും തനിക്ക് വലിയ രീതിയിൽ മനസ്സമാധാനവും മാനസിക ഉന്മേഷവും നൽകിയെന്ന് പവൻ കല്യാൺ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. വിശ്രമത്തിനും ചികിത്സക്കുമായി കേരളം തെരഞ്ഞെടുത്തതിനും നല്ല വാക്കുകൾ പറഞ്ഞതിനും പവൻ കല്യാണിന് നന്ദി അറിയിക്കുന്നതായി വി.ഡി. സതീശൻ തന്റെ സന്ദേശത്തിൽ കുറിച്ചു. കേരള സർക്കാരിന്റെയും ജനങ്ങളുടെയും പേരിൽ അദ്ദേഹത്തിന് മികച്ച ആരോഗ്യവും ആയുസ്സും ആശംസിക്കുന്നതോടൊപ്പം വീണ്ടും കേരളത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുംബൈയിൽ വെച്ച് തന്റെ വലത് തോളിന് ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷമാണ് പവൻ കല്യാൺ തുടർചികിത്സക്കായി കേരളത്തിലെത്തിയത്. ചികിത്സാകാലയളവിൽ കേരളത്തിലെ ജനങ്ങളുടെ ആതിഥ്യമര്യാദയും സ്നേഹവും തന്നെ ഏറെ സ്പർശിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, മമ്മിയൂർ ശിവക്ഷേത്രം, ചേറ്റുകുളങ്ങര ഭഗവതി ക്ഷേത്രം തുടങ്ങിയ പ്രശസ്തമായ പുരാതന ക്ഷേത്രങ്ങൾ സന്ദർശിക്കാനും ഈ യാത്രയിൽ തനിക്ക് അവസരം ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ക്ഷേത്രങ്ങളിലെ പാരമ്പര്യവും ശാന്തമായ അന്തരീക്ഷവും തനിക്ക് വലിയൊരു ആത്മീയ അനുഭൂതിയാണ് സമ്മാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - V.D. Satheesan thanks Andhra Deputy Chief Minister Pawan Kalyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.