ജി. സുധാകരൻ
‘അയാളുടെ ഭാര്യക്ക് ഞാനാണ് കയർ ക്ഷേമനിധിയിൽ ജോലി കൊടുത്തത്, എന്റെ വീട്ടിലെ ആർക്കും കൊടുത്തിട്ടില്ല’ -സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകിയതായി ജി. സുധാകരന്റെ വെളിപ്പെടുത്തൽ
ആലപ്പുഴ: എച്ച്. സലാമും പി.പി. ചിത്തരഞ്ജനുമടക്കമുള്ള സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ എം.എൽ.എ. അമ്പലപ്പുഴയിൽ ഇന്നലെ നടന്ന പൊതുപരിപാടിക്കിടെയാണ് സുധാകരന്റെ വെളിപ്പെടുത്തൽ.
സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യമൊന്നും മാധ്യമങ്ങൾ കാണില്ലെന്നും സുധാകരൻ വിമർശിച്ചു.
‘അഴിമതിക്കെതിരെ പോരാടിയ ആളെ അയാളുടെ ജീവിതത്തിന്റെ ഏതാണ്ട് ലാസ്റ്റ് ഭാഗത്തേക്ക് നീങ്ങുമ്പോൾ നശിപ്പിക്കാനാണ് നീക്കം. ചുമ്മാതാണ്, നടക്കത്തില്ല. എനിക്കെതിരെ പറഞ്ഞ ആളുടെ ഭാര്യ ജോലിയില്ലാതെ നിന്നപ്പോൾ ഞാനാണ് കയർ ക്ഷേമനിധിയിൽ ജോലി വാങ്ങിച്ചു കൊടുത്തത്. ഇപ്പോഴും അവിടെയുണ്ട്. ചിരിക്കാൻ പറയുന്നല്ല. നമ്മൾ അതൊക്കെ ചെയ്തിട്ടുണ്ട്. എംഎ പാസായി നല്ല നിലയിലുള്ള കുട്ടിയായിരുന്നു. എന്റെ വൈഫുമായിട്ട് സംസാരിക്കാൻ എന്റെ വീട്ടിൽ എപ്പോഴും വരുമായിരുന്നു. കയർ ക്ഷേമനിധിയിൽ 19 പോസ്റ്റ് ഒഴിവ് വന്നപ്പോൾ ആദ്യനിയമനം അവർക്കാണ് കൊടുത്തത്. ചിത്തരഞ്ജന്റെ ഭാര്യക്ക് ജോലി കൊടുത്തു. ഹോസ്പിറ്റലിൽ ഒരുപാട് പേർക്ക് ജോലി കൊടുത്തു.
എന്നാൽ, എന്റെ വീട്ടിൽ ഒരൊറ്റയാളിനും ഞാൻ ജോലി കൊടുത്തിട്ടില്ല. എന്റെ ഭാര്യയുടെ അനുജത്തി ബികോം പാസായി നിൽക്കുന്നവർക്ക് ഒരു ജോലിയും ഞാൻ കൊടുത്തില്ല. കാരണം ഒരു ജോലി കൊടുത്താൽ മതി, പാലിനകത്ത് ഒരു തുള്ളി വിഷം വീണതുപോലെയാണ് ഇവിടെ പ്രചാരണം. ഞാൻ ഇങ്ങനെ പറയുന്നതുകൊണ്ട് എന്റെ ഈ പ്രസംഗം മാധ്യമപ്രവർത്തകർ കൊടുക്കില്ല’ -ജി സുധാകരൻ പറഞ്ഞു.
‘നാട്ടുകാർക്ക് എല്ലാം അറിയാം. എല്ലാവർക്കും എല്ലാവരെയും അറിയാം. രഹസ്യമായിട്ട് വല്ലതും സമ്പാദിക്കാൻ പറ്റുമോ? ഞാൻ ഒരു ഉപകാരം ചെയ്ത ആളിൽനിന്ന് ഒരു നയാ പൈസ പോലും, ഒരു ചായ പോലും സൗജന്യമായിട്ട് വാങ്ങിച്ചു കുടിച്ചിട്ടില്ല. എന്റെ പ്രിൻസിപ്പിൾ ആണത്. ഇന്ന് തന്നെ 14 നിവേദനങ്ങൾ രാവിലെ വന്നു. ഒരു നയാ പൈസ പോലും പൊതുജീവിതത്തിൽ ആരോടെങ്കിലും വാങ്ങിയതായി ഒരു പരാതിയില്ല. അങ്ങനെ ഒരു സംഭവമില്ല.
അമ്പലപ്പുഴയിലെയും ആലപ്പുഴയിലെയും പത്രപ്രവർത്തകർ പൊതുവേ എനിക്കെതിരാണ്. എന്താ കാര്യമൊന്നും എനിക്കറിയാൻ പാടില്ല. എന്ത് കാര്യമായാലും മനസ്സുകൊണ്ട് അവർക്ക് നമ്മളോടല്ല ഇഷ്ടം. കുറച്ച് കുഴപ്പമൊക്കെ കാണിച്ചു നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകരോടാണ് അവർക്ക് കൂടുതൽ ഇഷ്ടം. എന്തുകൊണ്ടാണെന്ന് എനിക്കറിയാൻ പാടില്ല. അവർക്ക് പോലും ഈ ആരോപണം ഉന്നയിക്കാൻ പറ്റുന്നില്ല’ -അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നതായി സുധാകരൻ ചൂണ്ടിക്കാട്ടി. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
രാഷ്ട്രീയക്കാർ സംശുദ്ധമായ പൊതുപ്രവർത്തനം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകുമെന്നും എന്നാൽ അദ്ദേഹത്തിനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.