മണിയാർ ജലവൈദ്യുതി പദ്ധതി കെ.എസ്ഇ.ബി ഏറ്റെടുക്കണമെന്നാവശ്യം

പത്തനംതിട്ട: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ പ്രതിസന്ധി രൂക്ഷമായി ജനങ്ങൾ കറന്റ് നിയന്ത്രണവും വൈദ്യുതി മുടക്കവും നേരിടുന്ന സാഹചര്യത്തിൽ, കരാർ കാലാവധി കഴിഞ്ഞ മണിയാർ ജലവൈദ്യുതി പദ്ധതി അടിയന്തരമായി കെ.എസ്ഇ.ബി ഏറ്റെടുക്കണമെന്ന് ആവശ്യം ഉയർന്നു.

മണിയാർ പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറുന്നതിൽ കാലതാമസം തുടരുകയാണ്. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉൽപാദനശേഷി പരമാവധി പ്രയോജനപ്പെടുത്തേണ്ട സമയമാണിത്. അതിനാൽ മണിയാർ പദ്ധതി സ്വകാര്യ നിയന്ത്രണത്തിൽ തുടരുന്നതിനുപകരം പൊതുമേഖലയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി. പദ്ധതിയുടെ കരാർ കാലാവധി, കാലാവധി കഴിഞ്ഞ ശേഷമുള്ള നടപടികൾ, കമ്പനിക്ക് ലഭിച്ചിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ, പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറുന്നതിൽ ഉണ്ടായ കാലതാമസം എന്നിവ സംബന്ധിച്ച് സമഗ്രമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുസമ്പത്തായ ജലവിഭവം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മണിയാർ പദ്ധതി വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതാണ്. മുൻ സർക്കാറിന്റെ കാലത്ത് ഉണ്ടായ നടപടികളും ഇപ്പോഴത്തെ സാഹചര്യവും സമഗ്രമായി പരിശോധിച്ച്, മണിയാർ ജലവൈദ്യുതി പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങൾ അടിയന്തരമായി നീക്കി സർക്കാർ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കണമെന്നും നഹാസ് ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളോ അഴിമതിയോ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നഹാസ് ആവശ്യപ്പെട്ടു.

Tags:    
News Summary - Demand for KSEB to take over the Maniyar Hydropower Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.