റോഡിൽ പന്തൽകെട്ടി പ്രതിഷേധിച്ച കേസ്: ജയരാജൻമാർ ഹൈകോടതിയിൽ നേരിട്ട്​ ഹാജരായി

കൊച്ചി: കണ്ണൂരിൽ റോഡിൽ പന്തൽകെട്ടി പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ സി.പി.എം നേതാക്കൾ ഹൈകോടതിയിൽ നേരിട്ട്​ ഹാജരായി. മുൻമന്ത്രി ഇ.പി. ജയരാജൻ, കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ, പി. ജയരാജൻ, കെ.വി. സുമേഷ് എം.എൽ.എ എന്നിവരാണ്​ ഹാജരായത്. കോടതി നിർദേശപ്രകാരം കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജും ടൗൺ സ്റ്റേഷൻ എസ്.എച്ച്.ഒയും ഹാജരായിരുന്നു. ഹരജി ഒരുമാസത്തിനുശേഷം പരിഗണിക്കാൻ മാറ്റി. കേസിൽ ഇവർ തൽക്കാലം നേരിട്ട്​ ഹാജരാകുന്നതും ഒഴിവാക്കി.

തിങ്കളാഴ്​ച ഉച്ചക്ക്​ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ മുമ്പാകെയാണ് ഹാജരായത്​. കൊച്ചി സ്വദേശി എൻ. പ്രകാശ് സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കോടതിയലക്ഷ്യ നടപടിക്ക്​ ഇടയാക്കിയ സംഭവവുമായി ബന്ധപ്പെട്ട വിശദീകരണം സത്യവാങ്​മൂലമായി പ്രത്യേകം സമർപ്പിക്കാൻ ഇവരോട്​ കോടതി നിർദേശിച്ചു. കേസിലെ എതിർകക്ഷികളായ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് എന്നിവരെ നേരിൽ ഹാജരാകുന്നതിൽനിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു.

കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് ഇടതുപക്ഷം ഫെബ്രുവരി 25ന് നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധമാണ് കേസിന് കാരണമായത്. കണ്ണൂർ ഹൈവേയിലെ കാർഗിൽ യോഗശാല ലെയിനിൽ പന്തൽ കെട്ടിയായിരുന്നു ഉപരോധം.

ഇതിൽ നിയമലംഘനമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്​ചെയ്യുന്നത് ജഡ്ജിമാരെ പ്രകോപിപ്പിക്കാനാണെന്ന് എം.വി. ജയരാജൻ പ്രസംഗിച്ചിരുന്നു. പൊലീസ് നോട്ടീസ് താൻ മടക്കി പോക്കറ്റിലിട്ടിരിക്കുകയാണെന്നും ജയിലിൽ പോകാൻ മടിയില്ലെന്നും ജയരാജൻ പ്രസംഗിച്ചു. ഇക്കാര്യമടക്കം സൂചിപ്പിച്ച്​ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ്​ നേതാക്കൾ നേരിട്ട്​ ഹാജരാകാൻ നിർദേശിച്ചിരുന്നത്​.

Tags:    
News Summary - Roadside protest case: CPIM leaders appears in person at High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.