തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ 20,000ത്തിലേറെ അധ്യാപകരുടെ നിയമനാംഗീകാരം വർഷങ്ങളോളം ഭിന്നശേഷി നിയനത്തിലെ സാങ്കേതികത്വത്തിൽ കുരുക്കി തടഞ്ഞുവെച്ച സർക്കാറിന് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടുവിചാരം. സർക്കാർ നടപടിക്കെതിരെ കത്തോലിക്കാ സഭ ഉൾപ്പെടെ രംഗത്തിറങ്ങിയതോടെയാണ് മുമ്പുന്നയിച്ച തടസ്സങ്ങൾ നിലനിൽക്കുമ്പോൾതന്നെ നിയമനാംഗീകാരത്തിന് വിദ്യാഭ്യാസ വകുപ്പ് നിർബന്ധിതമായത്.
ഭിന്നശേഷി നിയമനത്തിന് ആവശ്യമായ തസ്തികകൾ നീക്കിവെച്ച സ്കൂളുകളിൽ മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന് എൻ.എസ്.എസ് മാനേജ്മെന്‍റിന് 2025 മാർച്ച് നാലിന് സുപ്രീംകോടതിയിൽനിന്ന് വിധി ലഭിച്ചു. വിധി ഉടൻ സർക്കാർ നടപ്പാക്കി. വിധി തങ്ങൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ മാനേജ്മെന്‍റുകൾ ഹൈകോടതിയെ സമീപിച്ചപ്പോൾ സർക്കാറിനോട് തീരുമാനമെടുക്കാൻ നിർദേശിച്ചു. വിധി എൻ.എസ്.എസിന് മാത്രം ബാധകമെന്ന രീതിയിൽ നിയമോപദേശം വാങ്ങിയ സർക്കാർ മറ്റ് മാനേജ്മെന്‍റുകളുടെ ആവശ്യം നിരാകരിച്ച് ഉത്തരവിറക്കി.
എൻ.എസ്.എസ് പോലുള്ള സമാന സൊസൈറ്റികൾക്കും ഉത്തരവ് ബാധകമാക്കാമെന്ന് സുപ്രീംകോടതി ഉത്തരവിലുണ്ടായിരിക്കെയായിരുന്നു ഇത്. കത്തോലിക്കാ സഭക്ക് കീഴിലുള്ള മാനേജ്മെന്‍റുകളും ഇതര മാനേജ്മെന്‍റുകളും പ്രത്യക്ഷ സമരത്തിനിറങ്ങി. ഭരണത്തുടർച്ചക്ക് ഇത് ഭീഷണിയാകുമെന്ന വിലയിരുത്തലിൽ വിധി ഇതര മാനേജ്മെന്‍റുകൾക്കും ബാധകമാക്കാമോ എന്ന വ്യക്തത തേടി സർക്കാർ പ്രത്യേകാനുമതി ഹരജിയുമായി സുപ്രീംകോടതിയിലെത്തി.
കേസ് ഏപ്രിൽ 14ലേക്ക് മാറ്റിയതോടെ ഈ സർക്കാർ കാലത്ത് നിയമനാംഗീകാര സാധ്യത മങ്ങി. പ്രതിഷേധം കടുത്തതോടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ മറ്റൊരു കോടതി വിധിയില്ലാതെതന്നെ എൻ.എസ്.എസിന് അനുകൂലമായ വിധി ഇതര മാനേജ്മെന്‍റുകൾക്ക് കൂടി ബാധകമാക്കാൻ ഉത്തരവിറക്കുകയായിരുന്നു.
വൈകിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മനുഷ്യരല്ലേ, ചിലപ്പോള്‍ താമസിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.