കോഴിക്കോട്: സംസ്ഥാന സർക്കാർ സ്കൂൾ വിദ്യാർഥികൾക്കായി നടപ്പിലാക്കിയ സൂംബ ഡാൻസിനെതിരെ നിലപാട് പറഞ്ഞതിന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫിനെതിരെ നടപടിയെടുക്കുന്നത് അനീതിയും വിവേചനപരവുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
അഷ്റഫിനെ 24 മണിക്കൂറിനകം സസ്‌പെൻഡ് ചെയ്യാൻ തിരുവനന്തപുരം ഡി.ജി.ഇയുടെ നിർദേശപ്രകാരമുള്ള ഡി.ഡിയുടെ ഉത്തരവ് സ്കൂൾ മാനേജർക്ക് നൽകിയിരിക്കുകയാണ്. ഭരണകൂടത്തിന്റെ നയങ്ങളും എക്സിക്യൂട്ടീവ് ഓർഡറുകളും ഭരണഘടനാപരമാണോ എന്ന ചോദ്യമുന്നയിക്കാൻ ഒരു മുസ്‌ലിം സംഘടനക്ക് സാധ്യമാകാത്ത അന്തരീക്ഷം അപകടകരമാണ്. വിദ്വേഷം തുപ്പുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാത്ത സർക്കാർ ജനാധിപത്യപരമായി വിയോജിപ്പ് പറയുന്നവരെ വേട്ടയാടുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
അധ്യാപകർ ഭരണകൂടത്തിന്റെ പ്രചാരവേലക്കാരോ വിദ്യാർഥികൾ ഭരണകൂടത്തിന്റെ കേവല വിധേയരോ ആവേണ്ടവരല്ല. തങ്ങളുടെ വിശ്വാസത്തോടും കാഴ്ചപ്പാടുകളോടും യോജിച്ച് പോവാത്ത കാര്യങ്ങളിൽനിന്ന് വിട്ട് നിൽക്കാനുള്ള സ്വാതന്ത്ര്യം എന്നത് ഭരണഘടന ഉറപ്പ് നൽകുന്നതാണ്. അത് കൊണ്ട് തന്നെ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം -എസ്.ഐ.ഒ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.