തിരുവനന്തപുരം: ശബരിമല കൊടിമര പുനഃപ്രതിഷ്ഠക്കായി സ്വർണം സംഭാവന ചെയ്തതിലേറെയും പ്രമുഖ ചലച്ചിത്രപ്രവർത്തകരും വ്യാവസായിക പ്രമുഖരും. എന്നാൽ, സംഭാവന നല്കിയ മുഴുവന്‍ സ്വര്‍ണവും കണക്കിലില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ്. സിനിമാതാരങ്ങളടക്കം 27 പേർ സ്വർണം നൽകിയെന്ന് മാത്രമാണുള്ളത്. സുരേഷ് ഗോപി, മോഹന്‍ലാൽ, ഷാജി കൈലാസ്, സുരേഷ് കുമാർ ഉൾപ്പെടെ എട്ട് സിനിമാ പ്രവർത്തകർ സ്വര്‍ണം സംഭാവന ചെയ്തെന്ന വിവരമാണുള്ളത്. വ്യവസായ പ്രമുഖരടക്കം പലരും സ്വര്‍ണം കൊടുത്തിട്ടുണ്ട്. പക്ഷെ, ഇതൊന്നും കൃത്യമായി കണക്കിലില്ലെന്ന സൂചനയാണ് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്.
27 പേരുടെ പേരുവിവരങ്ങളുണ്ട്. കൂടാതെ മറ്റ് ചിലരും സംഭാവന നല്‍കിയെന്ന് ഫയലില്‍ എഴുതിയിട്ടുണ്ട്. പക്ഷെ, പേരോ നല്കിയ സ്വര്‍ണത്തിന്റെ അളവോ എഴുതിയിട്ടില്ല. അവ മനഃപൂർവം മറച്ചുവെച്ചുള്ള തട്ടിപ്പാണോയെന്ന് സംശയമുണ്ട്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹൈകോടതി നിയോഗിച്ച അഭിഭാഷക കമീഷന് എ.എസ്.പി കുറുപ്പാണ് സ്വര്‍ണം സ്വീകരിച്ചത്. ഫയലില്‍ എഴുതാത്തത് കൂടാതെ ഹൈകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലും സംഭാവന നല്കിയ മുഴുവന്‍ പേരുടെയും വിവരങ്ങളില്ല. എ.എസ്.പി കുറുപ്പിന്റെ ഈ നടപടി സംശയത്തോടെയാണ് വിജിലന്‍സ് കാണുന്നത്. അതിനാലാണ് കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ദേവസ്വം സെക്രട്ടറിക്ക് കത്ത് നൽകിയത്.
അവ പരിശോധിച്ച ശേഷം സ്വര്‍ണം നല്‍കിയവരെ കണ്ട് നല്കിയ അളവ് അറിയാനാണ് വിജിലൻസ് ഉദ്ദേശിക്കുന്നത്. എ.എസ്.പി കുറുപ്പിനെയും ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്യും. ആകെ എത്ര സ്വര്‍ണം ലഭിച്ചെന്ന് ഉറപ്പിക്കാനാണ് ആദ്യശ്രമം. പ്രാഥമികാന്വേഷണം പെട്ടെന്ന് പൂർത്തിയാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.