ആർ.സി, ഡ്രൈവിങ് ലൈസൻസ് വിതരണം പുനരാരംഭിച്ചു

തിരുവനന്തപുരം: കരാറുകാര്‍ക്ക് പ്രതിഫലം മുടങ്ങിയതോടെ തടസ്സപ്പെട്ട ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും വിതരണവും പുനരാരംഭിച്ചു. സര്‍ക്കാര്‍ അനുവദിച്ച 8.68 കോടി രൂപ തിങ്കളാഴ്ച കരാര്‍ കമ്പനിക്ക് കൈമാറും. ഭാഗികമായാണ് അച്ചടി തുടങ്ങിയത്. തിങ്കളാഴ്ച പൂര്‍ണതോതില്‍ പുനരാരംഭിക്കുമെന്നാണ് വിവരം. ഒരുമാസത്തിനിടെ അച്ചടിച്ച് തേവര ഓഫിസില്‍ സൂക്ഷിച്ചിരുന്ന 50,000 കാര്‍ഡുകള്‍ തപാല്‍ വകുപ്പ് വിതരണത്തിന് ഏറ്റെടുത്തു.

കരാർ കമ്പനിയുടെ പ്രിന്‍റിങ് കുടിശ്ശിക നല്‍കാന്‍ ഒരുമാസം മുമ്പ് തീരുമാനിച്ചെങ്കിലും സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം തുക കൈമാറാന്‍ വൈകിയിരുന്നു. ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ ദിവസം 2000 കാര്‍ഡുകൾ വീതം അച്ചടിച്ച് തുടങ്ങിയിരുന്നു. ഇങ്ങനെ കെട്ടിക്കിടന്ന കാര്‍ഡുകളാണ് തപാല്‍ വകുപ്പ് ഏറ്റെടുത്തത്.

അതേസമയം, തപാല്‍ വകുപ്പ് തുടര്‍ന്നും വിതരണം നടത്തുമോ എന്നതില്‍ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ അഭ്യർഥിച്ചതുപ്രകാരം തപാല്‍ വകുപ്പ് വിതരണം ആരംഭിച്ചെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. തപാല്‍ക്കൂലി നല്‍കാന്‍ കഴിയാത്തതിനാല്‍ ആര്‍.സിയും ലൈസന്‍സും ഓഫിസുകള്‍ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഉത്തരവ് ഇറങ്ങിയിരുന്നില്ല.

അപേക്ഷകരിൽനിന്ന് മുൻകൂർ തപാൽ ഫീസ് അടക്കം വാങ്ങിയ ശേഷം ഓഫിസുകളിലെത്തി വാങ്ങാൻ ആവശ്യപ്പെടുന്നത് പ്രതിഷേധങ്ങൾക്കും കോടതി നടപടികൾക്കും ഇടവരുത്തുമെന്നാണ് മോട്ടോർ വാഹനവകുപ്പ് വിലയിരുത്തൽ.

പത്തുലക്ഷത്തോളം കാര്‍ഡുകള്‍ നല്‍കേണ്ടിവരുന്നതു വഴിയുണ്ടാകുന്ന തിരക്ക് ഓഫിസുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇതോടെയാണ് പ്രായോഗിക ബുദ്ധിമുട്ടുകള്‍ മുൻകൂട്ടി കാണാതെ മന്ത്രി നടത്തിയ പ്രഖ്യാപനം പിന്‍വലിച്ച് വിതരണം തപാൽ വകുപ്പിനെതന്നെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.

Tags:    
News Summary - RC, driving licences distribution resumed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.