പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സ് ഡ്രൈവർ പീഡപ്പിച്ച സംഭവത്തിൽ ഡി.എം.ഒ പ്രാഥമിക റിപ്പോർട്ട് സർക്കാറിന് നൽകി. കുട്ടിക്ക് കൗൺസിലിങ് നൽകിവരികയാണെന്നും കോവിഡ് ബാധിതരായ കുടുംബാംഗങ്ങൾക്കൊപ്പമാണ് പെൺകുട്ടിയെ താമസിപ്പിച്ചിരിക്കുന്നതെന്നും ഡി.എം.ഒ പറഞ്ഞു.
അടൂരിൽ നിന്ന് ലഭിച്ച പ്രാഥമിക റിപ്പോർട്ട് ആരോഗ്യ വകുപ്പിന് നൽകിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽപെടുത്തേണ്ട രോഗികളെ മാത്രം രാത്രിയിൽ കോവിഡ് പരിപാലന കേന്ദ്രത്തിലേക്കോ ആശുപത്രിയിലേക്കോ മാറ്റിയാൽ മതിയെന്ന് അറിയിപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. അതിനിടെ പ്രതി നൗഫലിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച അടൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.
പത്തനംതിട്ട ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക യോഗം കലക്ടർ വിളിച്ചു ചേർത്തു. കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളുടെയും ആശുപത്രികളുടെയും നില മൊത്തത്തിൽ മെച്ചെപ്പടുത്തുക, കോവിഡ് ബാധിതരെ ആശുപത്രികളിലേക്കോ, ട്രീറ്റ്മെൻറ് സെൻററുകളിലേക്കോ മാറ്റുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുക, രോഗികളെ മാറ്റുന്നതിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ചചെയ്യും. ഉച്ചക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് യോഗമാണ് വിളിച്ചിട്ടുള്ളത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ അടക്കം കുടുംബാംഗങ്ങൾ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ അവരെല്ലാം ട്രീറ്റ്മെൻറ് സെൻററിലായിരുന്നു. പെൺകുട്ടിയെ അടൂരിലെ ബന്ധുവീട്ടിലാക്കിയിരിക്കുകയായിരുന്നു. ആ വീട്ടിലെ വീട്ടമ്മയുടെയും പെൺകുട്ടിയുടെയും പരിശോധനാഫലം പോസീറ്റീവായി. ഇരുവരെയും ആശുപത്രികളിലേക്ക് കൊണ്ടുപോകവെ വീട്ടമ്മയെ കോഴഞ്ചേരിയിലെ ആശുപത്രിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി പന്തളത്തെ ആശുപത്രിയിലേക്ക് പോകവെയാണ് ആംബുലൻസ് ഡ്രൈവർ പൈശാചിക കൃത്യം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.