പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വേണം: സമസ്ത

കാസർകോട്: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത. രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വീതം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്ന് നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ പ്രമേയത്തിലൂടെയാണ് സമസ്ത ഈ ആവശ്യം ഉന്നയിച്ചത്.

മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുൽ ഫിത്വർ( ചെറിയ പെരുന്നാള്‍) ഈദുൽ അദ്ഹ(ബലി പെരുന്നാള്‍) എന്നിവയുമായി ബന്ധപ്പെട്ട് നിലവിൽ നൽകിവരുന്ന അവധി പര്യാപ്തമല്ല. കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമ്മങ്ങളിൽ ഏർപ്പെടുന്നതിനും ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി സഹായകരമല്ല.

ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ആഗോളതലത്തിൽ ഈദ് ആഘോഷങ്ങൾക്കായി ദീർഘമായ അവധി നൽകുന്ന മാതൃക പരിഗണിച്ച്, കേരളത്തിലും രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. ചന്ദ്രദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാൾ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങൾ കൂടി ഉൾപ്പെടുത്തി അവധി കലണ്ടർ പരിഷ്കരിക്കണം'- സമസ്ത ആവശ്യപ്പെട്ടു.

ജുമുഅ നമസ്കാരത്തിന് തടസമാകാത്ത രീതിയിൽ പരീക്ഷാ സമയം നിശ്ചയിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു. ജുമുഅ സമയത്ത് പരീക്ഷയും ക്ലാസുകൾ നടത്തുന്നതും വിശ്വാസികളായ വിദ്യാർഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. പൊതുവിദ്യാഭ്യാസ കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ പരിഗണിക്കണം. മദ്റസാ സമയവിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പ് നടപ്പിൽ വരുത്തി ഉത്തരവിറക്കണമെന്നും സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഖുർആനും തിരുസുന്നത്തും പഠിപ്പിച്ചുതന്ന യഥാർഥ തൗഹീദിനെ വികലമായി വ്യാഖ്യാനിച്ച് മുസ്‌ലിം സമുദായത്തിൽ ഭിന്നതയുണ്ടാക്കുന്ന വഹാബി പ്രസ്ഥാനങ്ങളുടെ ആദർശ വൈരുധ്യങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും സമസ്ത സമ്മേളനത്തിൽ പ്രമേയം.

ജിന്ന്, സിഹ്ർ തുടങ്ങിയ വിഷയങ്ങളിൽ തൗഹീദിലുണ്ടായ ആശയക്കുഴപ്പങ്ങളും ഗ്രൂപ്പ് വഴക്കുകളും ഇവരുടെ ആദർശാടിത്തറ എത്രത്തോളം ദുർബലമാണെന്ന് തെളിയിക്കുന്നു. കേവലയുക്തിചിന്തയുടെയും ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ വിശേഷണങ്ങളെയും പ്രവാചക ചര്യയെയും വ്യാഖ്യാനിക്കുന്നതിലൂടെ വിശ്വാസികളെ വഴിതെറ്റിക്കുന്ന ഇത്തരം നവീനവാദികളെ തിരിച്ചറിയണം. അഹ്ലുസ്സുന്നയുടെ പാവനമായ ആദർശ പാതയിൽ അടിയുറച്ചു നിൽക്കണമെന്നും ഭക്തിയുടെ വേഷംകെട്ടി വഹാബിസത്തിലേക്ക് വിശ്വാസികളെ റിക്രൂട്ട് ചെയ്യുന്ന തബ്‌ലീഗ് ജമാഅത്തിനെ കരുതിയിരിക്കണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ അലവി ഫൈസി കുളപ്പറമ്പ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

Tags:    
News Summary - At least three days off for Perunnal: Samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.