തിരുവനന്തപുരം: സാമ്പത്തികതട്ടിപ്പുകേസിലെ പ്രതി രാജ്‍കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെയും അന്വേഷണം. ജയിൽവകുപ്പ് ഡി.ജി.പി ഋഷിരാജ് സിങ്ങാണ് പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിൽവകുപ്പ് ഡി.ഐ.ജി സാം തങ്കയ്യനോട് അന്വേഷണം നടത്തി നാലുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിർദേശം നൽകി.
റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് സംഭവത്തിൽ പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. പോസ്‍റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലും രാജ്‍കുമാര്‍ ക്രൂരമര്‍ദനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ചിരുന്നു.
പൊലീസ് കസ്റ്റഡിയിൽ മാത്രമല്ല, ജയിലിലും മർദനമേറ്റെന്ന ആേരാപണവും ശക്തമാണ്. അക്കാര്യങ്ങളെല്ലാം പരിശോധിച്ച് ജയിൽജീവനക്കാരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി.ജി.പിയുടെ നിർേദശം. ഇൗമാസം അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കണം.
രാജ്കുമാറിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 22 മുറിവും ചതവുകളും ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ 15 മുറിവും ശേഷിച്ചവ ചതവുമാണ്. അരക്കു താഴെയും തുടകളിലും കാല്‍വെള്ളയിലും ഏഴോളം ഇടത്ത് ക്ഷതമേറ്റ് ചതഞ്ഞ് പേശികൾ തൂങ്ങിയ നിലയിലാണ്. ഇവ മൂര്‍ച്ചയില്ലാത്ത തടിക്കഷണം പോലെയുള്ളവ കൊണ്ട് മർദിച്ചതിന്റെ ചതവുകളാണ്.
വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. നീരു വന്ന് വീർത്ത നിലയിലാണ് വൃക്കകൾ. മൂത്രാശയം കാലിയായിരുന്നു. മരണത്തിനു മുമ്പുള്ള മണിക്കൂറുകളിൽ രാജ്‍കുമാര്‍ വെള്ളത്തിനു യാചിച്ചെങ്കിലും നൽകിയില്ലെന്ന സഹതടവുകാരെൻറ വെളിപ്പെടുത്തൽ ഇത് ശരിവെക്കുന്നു.
ആന്തരികമായ ചതവില്‍ നീരു ബാധിച്ച് ന്യുമോണിയയിലേക്ക് നയിക്കുകയായിരുന്നു. ഇതാണ് മരണ കാരണം. കൃത്രിമശ്വാസം നൽകിയതു മൂലമാകാം വാരിയെല്ല് തകർന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.