ചോദ്യപേപ്പർ ആവർത്തനം; കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ അവധിയിൽ പോകും

കണ്ണൂര്‍: കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ പി.ജെ വിൻസെന്റ് അവധിയിൽ പ്രവേശിക്കുന്നു. ബിരുദ വിഷയങ്ങളിലെ ചോദ്യപേപ്പർ ആവർത്തിച്ച സംഭവം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. രാജിവെക്കേണ്ടെന്നും അവധിയിൽ പോയാൽ മതിയെന്നും സി.പി.എം വിൻസെന്റിന് നിർദേശം നൽകിയിരുന്നു. ഈ മാസം 28 മുതൽ എട്ട് ദിവസത്തേയ്ക്കാണ് അവധിയിൽ പ്രവേശിക്കുക.

മലയാളം ചോദ്യപേപ്പറുകളിൽ വലിയ രീതിയിലുള്ള തെറ്റുകളുമുണ്ടായിരുന്നു. ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും വി.സി തീരുമാനമെടുക്കട്ടേയെന്നുമായിരുന്നു പി.ജെ വിൻസെന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. സൈക്കോളജി, ബോട്ടണി വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനമുന്നയിച്ചിരുന്നു.

പിന്നാലെയാണ് വൈസ് ചാൻസലറെ കണ്ട് പി.ജെ. വിൻസെന്റ് രാജി സന്നദ്ധത അറിയിച്ചത്. എന്നാൽ ഉടൻ രാജി വേണ്ട എന്ന നിലപാടാണ് വി.സി സ്വീകരിച്ചത്. 28ാം തിയതി മുതൽ പരീക്ഷാ കൺട്രോളർ അവധിയിൽ പ്രവേശിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതായാണ് സർവകലാശാല അധികൃതർ വിശദീകരണം നൽകുന്നത്.

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ ഈ വര്‍ഷവും ആവര്‍ത്തിച്ചത് വിവാദമായിരിക്കെ കേരള സര്‍വകലാശാലയില്‍ ഉത്തരസൂചിക നല്‍കി പരീക്ഷ എഴുതിച്ച വാർത്തയും പുറത്തുവന്നിരുന്നു. ഫെബ്രുവരിയില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.എസ്സി ഇലക്ട്രോണിക്സ് വിദ്യാര്‍ഥികള്‍ക്കാണ് ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക ലഭിച്ചത്.

Tags:    
News Summary - Question paper repetition; Kannur University Exam Controller will go on leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.