വീട്ടുനിരീക്ഷണത്തിനെത്തിയ വിദ്യാർഥിയെ രണ്ടേകാൽ മണിക്കൂർ പുറത്ത് നിർത്തി
തൃശൂർ: ബംഗളൂരുവിൽനിന്ന് വന്ന വിദ്യാർഥിക്ക് പ്രവേശനം നിഷേധിച്ച് ഫ്ലാറ്റ് നിവാസികൾ. ചൊവ്വാഴ്ച രാവിലെ വിമാനമിറങ്ങി വീട്ടുനിരീക്ഷണത്തിലേക്ക് അയച്ചതു പ്രകാരം സർക്കാർ വാഹനത്തിൽ തൃശൂർ അരണാട്ടുകരയിലെ ഫ്ലാറ്റിലെത്തിയ വിദ്യാർഥിയെയാണ് കോവിഡ് ഭീതിയുടെ പേരിൽ ഗേറ്റടച്ച് പുറത്ത് നിർത്തിയത്. രണ്ടേകാൽ മണിക്കൂർ കഴിഞ്ഞ് പൊലീസ് അസിസ്റ്റൻറ് കമീഷണർ എത്തിയ ശേഷമാണ് ഫ്ലാറ്റിലേക്ക് പ്രവേശിക്കാനായത്.
ഒമ്പതാം നിലയിലെ ഒരു ഫ്ലാറ്റ് വിദ്യാർഥിയുടെ പിതാവ് വാടകക്കെടുത്തതാണ്. പൂട്ടിക്കിടന്ന ഫ്ലാറ്റ് ശുചീകരിക്കാൻ എത്തിയപ്പോൾ മറ്റ് ഫ്ലാറ്റുകളിലെ താമസക്കാർ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 8.15ന് ഫ്ലാറ്റിലെത്തിയപ്പോഴാണ് പത്തോളം പേർ എതിർപ്പുമായി വന്നത്. അവിടെ ഉണ്ടായിരുന്ന വിദ്യാർഥിയുടെ ബന്ധുക്കളോടും ആരോഗ്യ വകുപ്പ് ജീവനക്കാരോടുമായിരുന്നു പ്രതിഷേധം.
സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാർക്ക് അനുകൂല നിലപാടെടുത്തുവത്രെ. തുടർന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാറുമായും മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ട് വിദ്യാർഥിയുടെ ബന്ധുക്കൾ പരാതിപ്പെട്ടു. ഇവരുടെ ഇടപെടലിനെത്തുടർന്ന് 10.35ഓടെ അസിസ്റ്റൻറ് കമീഷണർ എത്തി ഫ്ലാറ്റിലേക്ക് പ്രവേശിപ്പിച്ചു. മുറിയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ വീണ്ടും എസ്.ഐയെ ബന്ധപ്പെടേണ്ടി വന്നതായും പരാതിയുണ്ട്. അതേസമയം, വിദ്യാർഥിയെ ഫ്ലാറ്റിൽ പ്രവേശിപ്പിക്കാൻ നേരത്തെ നിർദേശം കൊടുത്തിരുന്നതായും ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയാതെയാണ് പ്രതിഷേധം നടന്നതെന്നും ഫ്ലാറ്റ് അസോസിയേഷൻ പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.