തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി പദ്ധതി മൂലം ഉണ്ടായ നഷ്ടം സ്വകാര്യബസുകൾ വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് എസ്.എഫ്.ഐ ആരോപണം. സ്വകാര്യ ബസുകളിൽ അമിത ചാർജ് ഈടാക്കുന്നതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. അമിതചാർജ് വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും കെ.എസ്.ആർ.ടി.സിയിൽ വിദ്യാർഥികൾക്ക് കൂടി സൗജന്യ യാത്ര കൊണ്ടുവരണമെന്നും പി.എസ്. സഞ്ജീവ് സർക്കാറിനോട് ആവശ്യപ്പെട്ടു.
സർവകലാശാല സിൻഡിക്കേറ്റ് നിയമനങ്ങളിലും എസ്.എഫ്.ഐ വിമർശനം ഉയർത്തി. ആർ.എസ്.എസിന് വേണ്ടി ജോലി ചെയ്ത ആർ. ശശികുമാറിനെ സിൻഡിക്കേറ്റിൽ നിയമിച്ചു. വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒന്നും പ്രതികരിക്കുന്നില്ല. ആർ.എസ്.എസുകാരനെ സർക്കാർ ഓർഡറിൽ സിൻഡിക്കേറ്റ് മെമ്പറായി നോമിനേറ്റ് ചെയ്യുകയാണ്. കാവിവത്കരണത്തോടെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് മൃദു സമീപനമെന്നും അവർ ആരോപിച്ചു.
കേരള സർവകലാശാല വി.സി തിരഞ്ഞെടുക്കപ്പെട്ട യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുന്നില്ല. എന്താണ് വി.സി കാണിക്കുന്നത്. എം.ജി സർവകലാശാല വി.സി. ഡോക്ടർ മാവൂത്ത് വിദ്യാർഥികളുടെ യുദ്ധപ്രഖ്യാപനം നടത്തുകയാണ്. ആർ.എസ്.എസ് നയങ്ങളാണ് താൻ നടപ്പാക്കുന്നതെന്ന് വി.സി തന്നെ പ്രഖ്യാപിക്കുകയാണ് അവർ ആരോപിച്ചു. കേരളത്തിൽ മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇടതുപക്ഷത്തിന് മാത്രമാണെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.
അതേസമയം, കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം. 'പ്രിയദർശിനി' സൗജന്യ യാത്ര പദ്ധതി കെ.എസ്.ആർ.ടി.സിക്ക് വരുമാന ബാധ്യതയുണ്ടാക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ കുടുംബ ബജറ്റിനെ സഹായിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ പറഞ്ഞു.
ധനാഭ്യർഥന ചർച്ചക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം രണ്ടര കോടിയോളം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നത്. സാമ്പത്തികമായി പരിശോധിക്കുമ്പോൾ, ദിവസേന ഏഴ് കോടിയിലധികം രൂപ സ്ത്രീകളുടെ കൈകളിൽ നേരിട്ട് എത്തിക്കാൻ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. പദ്ധതിക്കായി 600 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സമഗ്രമായ ഗതാഗത നയം രൂപീകരിക്കുന്നതിനുള്ള ആലോചനയിലാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് 93 ഡിപ്പോകളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ജനകീയ മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിക്കും. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികളുടെ മാതൃകയിലായിരിക്കും ഇവയുടെ പ്രവർത്തനം. ഗ്രാമവണ്ടികളുടെ എണ്ണം നിലവിലെ 58 ൽ നിന്നും 500 ആയി ഉയർത്താൻ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ എം.എൽ.എമാരും സഹകരിക്കണമെന്നും ഗതാഗത മന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.