ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകളെക്കുറിച്ച് അന്വേഷണം; രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന പർച്ചേസുകളെക്കുറിച്ച് വിദഗ്ധസമിതിയെ രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന അന്വേഷണസമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി, രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് മന്ത്രി നിർദേശം നൽകിയത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ, സർക്കാർ ആശുപത്രികൾ, ആരോഗ്യവകുപ്പിന് കീഴിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കണം. 10 വർഷത്തിനിടെ ആരോഗ്യവകുപ്പ് വാങ്ങിയ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങൽ, സ്ഥാപിക്കൽ, കമ്മീഷനിങ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് നിർദേശം നൽകിയത്.

പ്ലാൻ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ), മറ്റു കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവ പ്രകാരം വാങ്ങിയതും കോവിഡ് കാലത്ത് കേന്ദ്രസർക്കാർ വിതരണം ചെയ്തതുമായ ഉപകരണങ്ങൾ സംബന്ധിച്ചും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.

ആരോഗ്യവകുപ്പിൽ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് കേന്ദ്രസർക്കാർ വിതരണം ചെയ്ത ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, സോളാർ പവർ പ്ലാന്റുകൾ, ജനറേറ്ററുകൾ എന്നിവയും പ്ലാൻ ഫണ്ടിന് പുറമേ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായും വാങ്ങിയ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങളിൽ പലതും സ്ഥാപിക്കാതെയും കമ്മീഷൻ ചെയ്യാതെയും കിടക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ കൃത്യമായി പരിപാലിക്കാത്തതിനാൽ ഉപകരണങ്ങൾ പ്രവർത്തനരഹിതമായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ സർക്കാരിന് സാമ്പത്തിക നഷ്ടത്തിനും പൊതുമുതൽ പാഴാകുന്നതിനും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കപ്പെടുന്നതിനും കാരണമാകും. അടുത്തിടെ വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സന്ദർശനത്തിനിടെ, മൊബൈൽ മോർച്ചറി ഉൾപ്പെടെയുള്ള ഉയർന്ന മൂല്യമുള്ള നിരവധി മെഡിക്കൽ ഉപകരണങ്ങൾ ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നതായി നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, സമാനമായ സാഹചര്യങ്ങൾ സംസ്ഥാനത്തെ മറ്റു സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

Tags:    
News Summary - Investigation into 10-year purchases in the Health Department; Health Minister directs to submit report within two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.