തിരുവനന്തപുരം: താരസംഘടനയായ 'അമ്മ' പിരിച്ചുവിടണമെന്ന് ജി. സുധാകരൻ എം.എൽ.എ. 'അമ്മ' എന്ന സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല. ഈ സംഘടന മറ്റു സംഘടനകൾക്ക് അപമാനമാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസം നടക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. പൊതുവേദിയിലാണ് ജി. സുധാകരൻ ഈ വിമർശനം ഉന്നയിച്ചത്. 'അമ്മ' കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? സാധാരണക്കാർക്ക് അവരെക്കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ല. പ്രശ്നങ്ങളൊക്കെ നിങ്ങളുടെ സ്വന്തം കാര്യമാണെന്നും ജി. സുധാകരൻ വ്യക്തമാക്കി.
അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ രംഗത്തെത്തി. പാർട്ടി സെക്രട്ടറിയായ ശേഷം പാർട്ടിയുടെ വളർച്ചയ്ക്ക് ഒരു സംഭാവനയും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും കേരള രാഷ്ട്രീയത്തിൽ അദ്ദേഹം ഒരു അധികപ്പറ്റാണെന്നും ജി. സുധാകരൻ തുറന്നടിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
സി.പി.എമ്മിനെ നയിക്കാൻ എം.വി. ഗോവിന്ദന് ഒരു കഴിവുമില്ലെന്ന് സുധാകരൻ പറഞ്ഞു. വർഗ്ഗവഞ്ചകൻ താനല്ല, അത് ഗോവിന്ദനാണ്. അദ്ദേഹത്തിന് വായടയ്ക്കുന്നതാണ് നല്ലത്. തന്നെപ്പോലുള്ളവർ പണം പിരിച്ചുണ്ടാക്കിയതാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റർ. എന്നാൽ, സെക്രട്ടറിയായ ശേഷം പാർട്ടിയെ ശക്തിപ്പെടുത്താൻ ഗോവിന്ദന് കഴിഞ്ഞില്ലെന്നും അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ഒരു ബാധ്യതയാണെന്നും സുധാകരൻ പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാൻ പണ്ട് തങ്ങളെപ്പോലുള്ള ശക്തരായ നേതാക്കൾ ഉണ്ടായിരുന്നുവെന്നും എന്നാൽ, ഇന്ന് കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് പിണറായിയെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ‘പിണറായിയെ പ്രൊട്ടക്ട് ചെയ്യാൻ ഇന്ന് ആരുണ്ട്? പണ്ട് ഞാൻ, ശ്രീമതി ടീച്ചർ, ഇ.പി. ജയരാജൻ തുടങ്ങിയവർ ഉണ്ടായിരുന്നു’- അദ്ദേഹം പറഞ്ഞു. താൻ പിണറായി വിജയനെ വ്യക്തിപരമായി വിമർശിക്കാറില്ലെന്നും താൻ പറയാത്ത കാര്യങ്ങൾ ഒരു പത്രം റിപ്പോർട്ട് ചെയ്യുകയാണെന്നും സുധാകരൻ വ്യക്തമാക്കി.
പാർട്ടിയിലെ പുതിയ ചേരികളെക്കുറിച്ച് തനിക്കറിയില്ലെന്നും തെറ്റുകൾ തിരുത്തുന്നത് നല്ലതാണെന്നും പറഞ്ഞ സുധാകരൻ, എം.വി. ഗോവിന്ദൻ ആദ്യം സ്വന്തം തെറ്റുകൾ തിരുത്താൻ ശ്രമിക്കണമെന്നും ഓർമിപ്പിച്ചു. താൻ പറയുന്ന കാര്യങ്ങൾ പരിശോധിക്കാൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ട സുധാകരൻ, അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന എം.എ. ബേബി അടക്കമുള്ള നേതാക്കൾക്ക് ഇക്കാര്യത്തിൽ വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.