ബാലഗോകുലം വേദിയിൽ എം.ജി വൈസ്​ ​ചാൻസലർ; എത്തിയത് ഔദ്യോഗിക വാഹനത്തിൽ

ആലപ്പുഴ: ആർ.എസ്​.എസിന് കീഴിലുള്ള ​ബാലഗോകുലത്തിന്റെ ദക്ഷിണ കേരളം വാർഷികസമ്മേളനത്തിൽ എം.ജി സർവകലാശാല വൈസ്​ ​ചാൻസലർ ഡോ. സി. മാവൂത്​ പ​ങ്കെടുത്തത്​ വിവാദത്തിൽ. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ്​ സൈനിക്​ സ്കൂളിൽ നടന്ന ബാലഗോകുലം പരിപാടിയുടെ ഉദ്​ഘാടകനായാണ് എം.ജി വി.സിയെത്തിയത്​.

ആർ.എസ്​.എസ്​ ശതാബ്​ദിയുടെ ഭാഗമായി തിരുവനന്തപുരത്ത്​ സംഘടിപ്പിച്ച ‘സംഘ്​പരിവാറിന്‍റെ നൂറുവർഷത്തെ പ്രയാണം’ പരിപാടിയിൽ ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിനൊപ്പം​ എം.ജിയിലേതടക്കം മൂന്ന്​ വൈസ്​ ചാൻസലർമാൻ പ​​ങ്കെടുത്തത്​ വിവാദമായിരുന്നു. ഭരണഘടന പദവികൾ വഹിക്കുന്ന വി.സിമാർ ആർ.എസ്​.എസ്​ പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്​കരണത്തിന്‍റെ ഭാഗമാണെന്ന വിമർശനത്തിന്​ പിന്നാലെയാണ്​ മാവേലിക്കരയിലെ സംഭവം.

ഔദ്യോഗിക വാഹനത്തിലെത്തിയ വി.സി, ബാലഗോകുല​ത്തിന്‍റെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി 2047ൽ ലക്ഷ്യമിടുന്ന വികസിത്​ ഭാരത്​ സങ്കൽപം യാഥാർഥ്യമാകാൻ​ ഭാവിവാഗ്ദാനമായ കുട്ടികൾ ധർമാധിഷ്ഠിത വിദ്യാഭ്യാസം നേടണമെന്നും പറഞ്ഞു.

‘‘ബാലഗോകുലം ഏഷ്യയിലെ ഏറ്റവും വലിയ ബാലസാംസ്കാരിക പ്രസ്ഥാനങ്ങളിലൊന്നാണ്​. സനാതന ധർമത്തിന്‍റെ ശാശ്വതമൂല്യങ്ങളും ധാർമികതയും പരസ്പരബഹുമാനവും കുട്ടികളുടെ ജീവിതത്തിലേക്ക്​ പകർന്നുനൽകുന്നതിൽ നിർണായക പങ്കാണ്​ ബാലഗോകുലം വഹിക്കുന്നത്​. കുട്ടികളെ ഭാരതീയ സംസ്‌കാരത്തിലും ധാര്‍മിക മൂല്യങ്ങളിലും വളര്‍ത്തിയെടുക്കാന്‍ കുടുംബങ്ങളും അധ്യാപകരും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ബാലഗോകുലത്തിന്റെ പരിശീലനത്തിലൂടെ നവഭാരത സൃഷ്ടിക്കായുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കും’’-അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ 1202ലെ ബാലഗോകുലം മലയാള കലണ്ടറും വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാഥിനി പ്രണവി പ്രമോദ് രചിച്ച ‘എ മാപ്പ് ഓഫ് യൂ’ എന്ന പുസ്തകവും വി.സി പ്രകാശനം ചെയ്തു. ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എന്‍. ശശിധരന്‍, ബി.എസ്. ബിജു, ഡോ. എസ്. രവിശങ്കര്‍, ടി.ജി. അനന്തകൃഷ്ണന്‍, മീരാമാധവി, അഡ്വ. എസ്. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

APG balagokulam mg university vc

മാവേലിക്കരയിൽ നടന്ന ബാലഗോകുലം ദക്ഷിണ കേരളം വാർഷിക സമ്മേളനം എം.ജി സർവകലാശാല വൈസ്​ ​ചാൻസലർ ഡോ. സി. മാവൂത്​ ഉദ്​ഘാടനം ചെയ്യുന്നു

Tags:    
News Summary - MG Vice Chancellor at Balagokulam event; Arrived in official vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.