മരിച്ച ഷാനവാസ്, ഭാര്യ ഷേർളി
കണ്ണൂർ: യുവാവ് മരിച്ചത് ചികിത്സാപ്പിഴവിനെ തുടർന്നാണെന്ന കുടുംബത്തിന്റെ പരാതിയിൽ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ ഉത്തരവിട്ട് കോടതി. കണ്ണൂർ ചക്കരക്കല്ല് ഇരിവേരി സ്വദേശി ഷാനവാസിന്റെ (45) മൃതദേഹമാണ് പുറത്തെടുക്കുക. ചൊവ്വാഴ്ച മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ ഉത്തരവ്.
ബംഗളൂരുവിൽ മരുന്ന് വിതരണ കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന ഷാനവാസ്, പൈൽസ് ബാധിതനായതിനെ തുടർന്ന് ബംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ശസ്ത്രക്രിയക്ക് വിധേയനായി. തുടർന്നുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്ന് ഷാനവാസ് മരിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതോടെ ഇവർ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
വാർഡിൽ വന്ന് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് ഡോക്ടർ ശസ്ത്രക്രിയ ചെയ്തത്. യാതൊരു സൗകര്യങ്ങളും ചെയ്യാതെ നിരുത്തരവാദപരമായാണ് പെരുമാറിയെന്നുമാണ് ഭാര്യ തമിഴ്നാട് സ്വദേശിയായ ഷേർളിയുടെ പരാതി. ഇതിന്റെ തെളിവുകളെല്ലാം തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും അവർ വ്യക്തമാക്കി. കർണാടകയിലെ വി.വി പുരം പൊലീസ് സ്‌റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.
ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കഴിഞ്ഞ മാർച്ച് 16നാണ് ഷാനവാസിന്റെ മൃതദേഹം അടക്കം ചെയ്തത്. ഇരിവേരി സ്വദേശിയാണെങ്കിലും 20 വർഷമായി കുടുംബവുമായി ബംഗളൂരുവിൽ താമസിച്ചിരുന്ന ഷാനവാസിനു നാടുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ, മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിൽ ഖബറടക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് അനുസരിച്ചാണ് ഇരിവേരിയിൽ അടക്കം ചെയ്തത്.
വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ഫെബ്രുവരി 19ന് അഡ്മിറ്റായി. അന്ന് തന്നെ ശസ്ത്രക്രിയ നടത്തി. പിന്നീട് അടുത്ത ദിവസം അഡ്മിറ്റ് ചെയ്തിരുന്ന വാർഡിൽ രാത്രി ഒരുമണിക്ക് എത്തിയ ഡോക്ടർ മൊബൈൽ ടോർച്ച് വെട്ടത്തിൽ വീണ്ടും ശസ്ത്രക്രിയ ചെയ്തു.
നഴ്സുമാരൊന്നും ഇല്ലാതെ തനിയെ വന്നാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് പിന്നാലെ വലിയ മുറിവുണ്ടാകുകയും രക്തം വാർന്നു പോകുകയും ചെയ്തു. അതിന് ശേഷം നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞയച്ചു. മാർച്ച് 15ന് വീണ്ടും വലിയരീതിയിൽ രക്തസ്രാവം ഉണ്ടായതോടെ വീട്ടിൽ വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.