യാഷ് വാൻ
കോഴിക്കോട്: വാഹനാപകടത്തിൽ മസ്തിഷിക മരണം സംഭവിച്ച ഏഴു വയസ്സുകാരന്റെ വൃക്കയുമായി റോഡ് മാർഗം തിരുവനന്തപുരത്തു നിന്ന പാഞ്ഞ ആംബുലൻസ് ആറു മണിക്കൂർ കൊണ്ട് കോഴിക്കോട്ടെത്തി. സമയബന്ധിതമായി അവയവം എത്തിക്കുന്നതിനു വേണ്ടി യാത്രയിലുടനീളം പൊലീസ് പ്രത്യേക ‘ഗ്രീൻ കോറിഡോർ’ സൗകര്യം ഒരുക്കിയിരുന്നു.
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ ഞായറാഴ്ച രാത്രി 10.30ഓടെയാണ് മരിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചതോടെ, അഞ്ചു രോഗികളിലാണ് യാഷിന്റെ അവയവങ്ങൾ മാറ്റിവെക്കുക.
കരളും വൃക്കകളും കോർണിയയും ഹൃദയവാൽവുമാണ് ദാനം ചെയ്യുന്നത്. അങ്ങനെ, ഈ ഏഴു വയസ്സുകാരൻ ഇനി അഞ്ച്പേരിലൂടെ ജീവിക്കും.
ഒരു വൃക്ക കോഴിക്കോടുള്ള രോഗിക്കും ബാക്കി അവയവങ്ങളെല്ലാം തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലുമാണ് മാറ്റിവെക്കുക. കോട്ടയം വിജയപുരം സ്വദേശിയായ നാലു വയസ്സികാരിയാണ് മറ്റൊരു വൃക്ക സ്വീകരിക്കുന്നത്. ഈ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 11 ന് പുറപ്പെട്ട ആംബുലൻസ് വൈകീട്ട് അഞ്ചോടെയാണ് കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തിയത്. ഇവിടെ ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ 17കാരനിലാണ് വൃക്ക മാറ്റിവെക്കുക. KL 16 W 424 രജിസ്ട്രേഷൻ നമ്പരുള്ള ആംബുലൻസിലാണ് വൃക്ക കോഴിക്കോട് എത്തിച്ചത്.
സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച യാഷ് വാന് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. യാഷിന്റെ പിതാവ്: ലോകിനേനി രഘു. അമ്മ: സൗമ്യ പാപ്പറാവു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.