തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലും ക്യാമ്പ് ഓഫിസിലും അനധികൃതമായി ജോലി ചെയ്യുന്ന പൊലീസുകാരുടെയും ക്യാമ്പ‌് ഫോളോവർമാരുടെയും കണക്കെടുപ്പ‌് പൊലീസ് ആസ്ഥാനത്ത് തുടങ്ങി. എസ്.പി മുതൽ മുകളിലുള്ള ഓഫിസർമാർക്കൊപ്പമുള്ള പൊലീസുകാരുടെയും ജഡ്ജിമാർ, മറ്റ‌് ജുഡീഷ്യൽ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, ലീഗൽ അഡ്വൈസർ തുടങ്ങിയവർക്കൊപ്പമുള്ള ഉദ്യോഗസ്ഥരുടെയും കണക്കാണ് ബറ്റാലിയൻ എ.ഡി.ജി.പി ആനന്ദകൃഷ്ണൻ ശേഖരിക്കുന്നത്.
തിങ്കളാഴ്ച നിയമസഭയിൽ പ്രതിപക്ഷം വിഷയം ആയുധമാക്കുമെന്നതിനാൽ തകൃതിയിലുള്ള കണക്കെടുപ്പാണ് നടക്കുന്നത്. തിങ്കളാഴ്ച രാവിലെ വിവരം ഡി.ജി.പി ലോക്നാഥ് െബഹ്റ മുഖ്യമന്ത്രിക്ക് കൈമാറും. കണക്കെടുപ്പ് തുടങ്ങിയതോടെ പല ഐ.പി.എസുകാരും അനധികൃതമായി ഒപ്പം നിർത്തിയ ക്യാമ്പ‌് ഫോളോവർമാരെയും പൊലീസുകാരെയും മടക്കിത്തുടങ്ങി.
എന്നാൽ, കണക്കെടുപ്പ് പ്രഹസനമാണെന്നാണ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷെൻറ നിലപാട്. രേഖയില്ലാതെയാണ് പല ഐ.പി.എസുകാരുടെ വീടുകളിലും ക്യാമ്പ് ഫോളോവേഴ്സ് പണിയെടുക്കുന്നത്. രേഖയിലുള്ള വിവരം മാത്രമാണ് എസ്.പിമാർ എ.ഡി.ജി.പിക്ക് കൈമാറുന്നത്. ഇത് മറികടക്കാൻ ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷനും അംഗങ്ങളിൽനിന്ന് നേരിട്ട് വിവരം ശേഖരിക്കുന്നുണ്ട്.ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന സുദേഷ‌് കുമാറിെൻറ മകൾ പൊലീസ‌് ഡ്രൈവറെ മർദിച്ചതിനെതുടർന്നാണ‌് കണക്കെടുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് നിർദേശം നൽകിയത്.
വീട്ടിൽ ടൈൽസ് പണി; ഡെപ്യൂട്ടി കമാൻഡൻറിനെതിരെയും പരാതി
തിരുവനന്തപുരം: ക്യാമ്പ് ഫോളോവർമാരായി നിയോഗിക്കപ്പെട്ടവരെ കൊണ്ട് വീട്ടുജോലി ചെയ്യിച്ചെന്നാരോപിച്ച് ആംഡ് പൊലീസ് ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡൻറ് പി.വി. രാജുവിനെതിരെയും ഡി.ജി.പിക്ക് പരാതി. ക്യാമ്പ് ഫോളോവർമാരിലെ ദിവസക്കൂലിക്കാരായ രണ്ട് പൊലീസുകാരാണ് പരാതി നൽകിയത്. രാജുവിെൻറ കുടപ്പനക്കുന്നിലെ വീട്ടിൽ ടൈൽസ് പാകാൻ നാലുപേരെ നിയോഗിച്ചെന്നാണ് ആരോപണം. പണി ചെയ്യുന്നതിെൻറ ദൃശ്യങ്ങളും പരാതിക്കൊപ്പമുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം. ഉച്ചക്ക് മൂന്നു വരെ ജോലി ചെയ്തെന്നും ദാസ്യപ്പണി വിവാദം പുറത്തുവന്നതോടെ തങ്ങളെ പറഞ്ഞുവിടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. എന്നാൽ, ജീവനക്കാരെ വീട്ടിൽ ജോലിക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് രാജുവിെൻറ വിശദീകരണം.
മാനദണ്ഡങ്ങൾ തനിക്കും ബാധകമെന്ന് ഡി.ജി.പി
തിരുവനന്തപുരം: ക്യാമ്പ് ഫോളോവർമാരെ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച മാനദണ്ഡം തനിക്കും ബാധകമാണെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ. മാനദണ്ഡം ആര് ലംഘിച്ചാലും പരിശോധിക്കും. അനധികൃതമായി ഡ്യൂട്ടി ചെയ്യുന്നവരുടെ വിവരം പരിശോധിച്ച് വരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.