കേരളത്തിന് പുറത്ത് ജനിച്ചവർക്കും നേറ്റിവിറ്റി കാർഡ് നൽകുമെന്ന് സർക്കാർ
തിരുവനന്തപുരം: കേരളത്തിന് പുറത്ത് ജനിച്ച വ്യക്തികൾക്കും നിബന്ധനകൾക്ക് വിധേയമായി നേറ്റിവിറ്റി കാർഡ് നൽകുമെന്ന് സർക്കാർ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന, ജന്മംകൊണ്ട് കേരളീയനായ വ്യക്തിക്കും കാർഡിന് അർഹത ഉണ്ടായിരിക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ വ്യക്തമാക്കി. കേരളത്തിന് പുറത്ത് ജനിച്ചവർക്ക് കാർഡിനുള്ള യോഗ്യത ഇവയാണ്:
- മാതാപിതാക്കൾ രണ്ടുപേരും കേരളത്തിൽ ജനിച്ചുവളർന്നവരാകണം.
- മാതാപിതാക്കളിൽ ഒരാൾ കേരളത്തിലും മറ്റേയാൾ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ജനിച്ചുവളർന്നയാളും വിവാഹശേഷം രണ്ടുപേരും കേരളത്തിൽ സ്ഥിര താമസക്കാരുമായിരിക്കണം.
കേരളത്തിന് പുറത്ത് താമസിക്കുന്ന ദമ്പതികളുടെ അവിടെ ജനിക്കുന്ന കുട്ടികൾക്ക് കാർഡിന് അപേക്ഷിക്കാൻ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി ഇ-ഡിസ്ട്രിക്സ് പോർട്ടലിൽ സൗകര്യം ഏർപ്പെടുത്തും.
ഇതുവഴി വില്ലേജ് ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് പരിശോധിച്ച് തഹസിൽദാർ കാർഡ് അനുവദിക്കും. സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്ക് നേറ്റിവിറ്റി കാർഡ് ഉപഭോക്തൃ രേഖയായി പരിഗണിക്കും. ഈ കാർഡ് നൽകുന്നതിലൂടെ ഒരാൾ ജന്മംകൊണ്ട് കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
റസ്റ്റ് ഹൗസ് കാന്‍ററീനുകളുടെ സൗകര്യം വർധിപ്പിക്കും
പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിലെ കാന്‍റീനുകളുടെ സൗകര്യം വർധിപ്പിക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. റസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് താമസം സാധ്യമാക്കിയതോടെ 2021 നവംബർ ഒന്നു മുതൽ 2026 ജനുവരി 26 വരെ 5,26,288 ബുക്കിങ്ങുകൾ നടന്നു. ഇതുവഴി വാടക ഇനത്തിലെ വരുമാനം 32,28,02,406 രൂപയാണ്. കേരളത്തിന് പുറത്തുള്ള കുറ്റാലം റസ്റ്റ് ഹൗസിലും ഓൺലൈൻവഴി മുറി ബുക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.