തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചെന്ന കേസിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് കോടതി. ബുധനാഴ്ച വിശദ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചു. മുഖ്യമന്ത്രിയെ ആക്രമിച്ചതുപോലുള്ള കേസിൽ എന്തുകൊണ്ടാണ് കുറ്റപത്രം ഇത്രയും വൈകുന്നതെന്ന ചോദ്യമാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉന്നയിച്ചത്.
വ്യോമയാന നിയമവുമായി ബന്ധപ്പെട്ട വകുപ്പ് ചുമത്തി കേന്ദ്രസർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതെന്ന മറുപടി പ്രോസിക്യൂഷൻ നൽകിയെങ്കിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച തന്നെ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നസീറ അന്വേഷണ സംഘത്തിന് കർശന നിർദേശം നൽകിയത്.
കേസിലെ ഒന്നാം പ്രതി ഫർസീൻ മജീദ് പാസ്പോർട്ട് പുതുക്കുന്നതിന് സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി. ഈ ഹരജിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിനാൽ ഹരജി പരിഗണിക്കുന്നത് രണ്ട് തവണ മാറ്റിയതാണ് കോടതിയെ കർശന നടപടിക്ക് പ്രേരിപ്പിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, കെ.എസ്. ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ.
2022 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടുകയായിരുന്നു. തുടർന്ന് വിമാനത്തിൽ കൈയാങ്കളിയുമുണ്ടായി. മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന മുൻമന്ത്രി ഇ.പി. ജയരാജന്‍റെ പരാതിയിൽ വലിയതുറ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റായിരുന്ന കെഎസ്. ശബരീനാഥനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇ.പി. ജയരാജൻ ആക്രമിച്ചതായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും പരാതി ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.